09:45 am 1/1/2017
കൊച്ചി: സിനിമപ്രദര്‍ശനം നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍. മലയാള സിനിമകള്‍ക്കുപകരം അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന തിയറ്റര്‍ ഉടമകളുടെ വാശി തമിഴ്നാട്ടിലോ കര്‍ണാടകയിലോ ആയിരുന്നുവെങ്കില്‍ വിവരമറിയുമായിരുന്നുവെന്നും സംസ്കാരമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും താരസംഘടനയായ ‘അമ്മ’ പ്രസിഡന്‍റ് ഇന്നസെന്‍റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി നല്‍കിയ പ്രസ്താവനയിലാണ് ലിബര്‍ട്ടി ബഷീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിതരണ വിഹിതം 60:40 എന്നത് 25 വര്‍ഷം മുമ്പ് തീരുമാനിച്ചതാണ്. അതില്‍ കാലോചിത മാറ്റമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. 25 വര്‍ഷം മുമ്പ് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഇന്നസെന്‍റ് വാങ്ങിയത് 50,000 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 35 -50 ലക്ഷത്തില്‍ എത്തിനില്‍ക്കുകയാണ് പ്രതിഫലം.
വിതരണവിഹിതത്തില്‍ മാറ്റം വരുത്തണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതില്‍ തീരുമാനമൊന്നും ആകാതിരുന്നതിനത്തെുടര്‍ന്നാണ് ഡിസംബര്‍ 16 മുതല്‍ പുതിയ വിതരണ വിഹിത അടിസ്ഥാനത്തിലേ സിനിമകള്‍ പ്രദര്‍ശനത്തിനെടുക്കേണ്ടതുള്ളൂ എന്ന് നവംബര്‍ ഒന്നിന് തീരുമാനിച്ചത്. മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ളെന്ന് പറഞ്ഞിട്ടില്ല.
പടങ്ങള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ സാഹചര്യത്തില്‍ പാവപ്പെട്ട തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുമെന്ന് കണ്ടതിനാലാണ് അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും കനത്ത നഷ്ടമുണ്ടാക്കുമെന്ന കാര്യവും പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.