06:12 pm 2/1/2017

ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ലക്നൗവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റൻ റാലി. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ പോലും താൻ ഇത്തരം ഒരു വലിയ ജനക്കൂട്ടത്തെ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു. ഉത്തർപ്രദേശിൽ ആരു ജയിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
വാജ്പേയിയെ പോലുള്ള നേതാക്കളുടെ കഠിനാധ്വാനമാണ് പാർട്ടിക്ക് സംസ്ഥാനത്ത് അടിത്തറയിട്ടത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ്. താറുമാറായിക്കിടക്കുന്ന ഇവിടുത്തെ ക്രമസമാധാന നില ശരിയാക്കിത്തരാൻ ബി.ജെ.പിക്ക് ഒരു അവസരം നൽകുവെന്ന് മോദി അഭ്യർത്ഥിച്ചു.
പ്രസംഗത്തിനിടെ എസ്.പിയെയും പാർട്ടിയെ ഭിന്നതയെയും മോദി കളിയാക്കി. ബി.എസ്.പിക്കും കോൺഗ്രസിനെയും മോദി പരിഹസിച്ചു. യു.പിയിൽ വളരെചെറിയ തോതിൽ മാത്രം സാന്നിധ്യമുള്ളൊരു പാർട്ടി കഴിഞ്ഞ 15 വർഷമായി അവരുടെ നേതാവിനെ കണ്ടെത്താൻ ശ്രമിക്കുകയാണ്. മറ്റൊരു പാർട്ടി പണം സംരക്ഷിക്കുന്നതിന് മാത്രമാണ് പരിഗണന നൽകുന്നത്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് മൂന്നാമത്തെ പാർട്ടി. ഞങ്ങളുടെ യജമാനൻമാർ ഇവിടുത്തെ ജനങ്ങളാണെന്നും ഞങ്ങൾക്ക് ഹൈക്കമാൻഡില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ഒരിക്കലും ഒന്നിക്കാത്ത സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും നോട്ട് അസാധുവാക്കിയ നടപടിയെ എതിർക്കാൻ മാത്രമായി ഒന്നിച്ചെന്നും അദ്ദേഹം കളിയാക്കി.
ബാബാസാഹിബ് അംബേദക്റോടുള്ള ബഹുമാനസൂചകമായി ഡിജിറ്റൽ പണമിടപാടുകൾക്കുള്ള ആപ്പിനെ ‘ഭീം’ എന്ന് പേരിട്ടത് പോലും ചിലർ വിമർശിക്കുന്നു. കർഷക ക്ഷേമത്തിനായി കേന്ദ്ര സർക്കാർ വലിയ പദ്ധതികൾ ആവിഷ്കരിച്ചതാണെന്നും സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തെ പൗരൻമാർക്കായി കഴിഞ്ഞ ദിവസം ചില ക്ഷേമപദ്ധതികൾ ഞാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിനെയും വിമർശിക്കാൻ ചിലർ വന്നു. പണമെടുത്താലും പണം കൊടുത്താലും പ്രശ്നമെന്നതാണ് അവസ്ഥയെന്നും മോദി സൂചിപ്പിച്ചു.
പുതുവത്സരത്തലേന്ന് ടെലിവിഷനിലൂടെ ക്ഷേമപദ്ധതി പ്രഖ്യാപനം നടത്തിയ ശേഷം ഇതാദ്യമായാണ് മോദി ഒരു ചടങ്ങിൽ പങ്കെടുക്കുന്നത്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് തീയതി ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോട്ട് നിരോധത്തിന് ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയെ സംബന്ധിച്ച് നിർണായകമാണ്.
