മന്നത്തു പത്മനാഭനെ ഒരു സമുദായത്തിന്റെ മാത്രം ആചാര്യനായി ചുരുക്കരുത്: ഡി. ബാബു പോള്‍

10:3 am 3/1/2016
Newsimg1_79321837
ചങ്ങനാശേരി: കേരള സമൂഹത്തിന്റെ നവോത്ഥാന നായകനായിരുന്ന മന്നത്തു പത്മനാഭനെ ഒരു സമുദായത്തിന്റെ മാത്രം ആചാര്യനായി ചുരുക്കരുതെന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോള്‍. മന്നത്തുപത്മനാഭന്റെ 140–ാമത് ജയന്തി സമ്മേളനം പെരുന്ന മന്നം നഗറില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മന്നം അഭിമാനിയായ വിപ്ലവകാരിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിത ചരിത്രം തെളിയിച്ചിട്ടുണ്ട്. മന്നത്തിന്റെ വീക്ഷണങ്ങള്‍ക്കും നടപടികള്‍ക്കും കാലികമായ പരിമിതികളുണ്ടെങ്കിലും അദ്ദേഹത്തിന്റെ മനുഷിക മൂല്യങ്ങള്‍ മാനദണ്ഡമായി അംഗീകരിക്കപ്പെടണം. വിപ്ലവകാരിയായിരുന്ന മന്നം തന്റെ വീട്ടിലും സമുദായത്തിലുമാണു പരിഷ്കരണങ്ങള്‍ക്കു തുടക്കംകുറിച്ചത്. ഉച്ചനീചത്വങ്ങള്‍ കൊടികുത്തിവാണ കാലത്ത് അഴകന്‍ പുലയനു വീട്ടിലിരുത്തി ഭക്ഷണം നല്‍കിയതും പാത്രം കഴുകിയതും ഇതിനുദാഹരണമാണെന്നും ഡോ.ബാബു പോള്‍ ചൂണ്ടിക്കാട്ടി.

വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മന്നം ജയന്തി സമ്മേളനത്തില്‍ താന്‍ മന്നത്തെ മാവോ സേതുങ്ങുമായി താരതമ്യം ചെയ്തതു വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ചൈനയിലുടനീളം മാവോ സേതുങ്ങ് ജനങ്ങളുടെ പാരതന്ത്ര്യത്തിനെതിരേ ഗ്രേറ്റ് മാര്‍ച്ച് നടത്തിയതുപോലെ നായര്‍സമുദായത്തിന്റെയും കേരളസമൂഹത്തിന്റെയും ഉയര്‍ച്ചയ്ക്കും പരിഷ്കരണത്തിനുമായി ലോംഗ് മാര്‍ച്ച് നടത്തിയയാളാണു മന്നം. അതിനാല്‍ അന്നുതാന്‍ പറഞ്ഞ പരാമര്‍ശത്തില്‍ തെറ്റു കണ്ടെത്താനായിട്ടില്ലെന്നും ബാബു പോള്‍ പറഞ്ഞു. നായര്‍ സമുദായത്തിന്റെ ആര്‍ഭാടങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും താലികെട്ടിനും വെടിക്കെട്ടിനുമെതിരേ മന്നം നടത്തിയ പ്രതികരണങ്ങള്‍ സമുദായത്തിനു വെളിച്ചമായി മാറി.

ഗാന്ധിജിയുടെ ഓര്‍മയ്ക്കായി തിരുവനന്തപുരത്തു സ്ഥാപിച്ച കോളജിന് എംജി കോളജെന്നു പേരിട്ടത് മന്നത്ത് പത്മനാഭനായിരുന്നു. തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിനു രാജാകേശവദാസിന്റെ പേരിടാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, അതിന്റെ അടുത്ത സമയമാണ് ഗാന്ധിജി വെടിയേറ്റു മരിച്ചത്. ഇതേത്തുടര്‍ന്നാണ് ഗാന്ധിജിയുടെ പേരു കോളജിനുനല്‍കിയത്. ഇതാണു കേരളത്തില്‍ ആദ്യമായി ഗാന്ധിജിക്കായി ഉണ്ടായ സ്മാരകമെന്നും ബാബു പോള്‍ പറഞ്ഞു. രാജാ കേശവദാസനെ സ്മരിച്ച ചരിത്രബോധമുള്ള മലയാളികൂടിയായിരുന്നു മന്നം.

വിഴിഞ്ഞത്ത് തുറമുഖത്തിനു യോജിച്ച സ്ഥലം കണ്ടെത്തിയത് രാജാ കേശവദാസനായിരുന്നു. വിഴിഞ്ഞം തുറമുഖത്തിനു രാജാ കേശവദാസന്റെ പേരു നല്‍കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും ബാബു പോള്‍ അഭിപ്രായപ്പെട്ടു. അവനവന്റെ മതത്തെയും സമുദായത്തെയും സ്‌നേഹിക്കുകയും മറ്റുള്ളവന്റെ മതത്തെയും സമുദായത്തെയും ബഹുമാനിക്കുകയും അംഗീകരിക്കുകയുമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷതവഹിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ ആമുഖ പ്രസംഗം നടത്തി.

ട്രഷറര്‍ ഡോ.എം.ശശികുമാര്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, സംസ്കൃത പണ്ഡിതനും കവിയുമായ മുതുകുളം ശ്രീധര്‍, സി.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കള്‍, സമുദായാംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ജനസഹസ്രങ്ങള്‍ പുഷ്പാര്‍ച്ചനയിലും ജയന്തി സമ്മേളനത്തിലും പങ്കെടുത്തു.