പത്രപ്രവർത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് അന്തരിച്ചു.

06:34 pm 6/1/2017
images (1)

കോഴിക്കോട്: പത്രപ്രവർത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് (92) അന്തരിച്ചു. സേലത്ത് മകളുടെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ സ്വദേശമായ പൊന്നാനിയിൽ നടക്കും.

സ്വാതന്ത്ര്യ സമര സേനാനി ഇ.മൊയ്തുമൗലവിയുടെ പുത്രനായ എം. റഷീദ് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിൽവാസം അനുവഭവിച്ചിട്ടുണ്ട്. ആർ.എ.സ്.പിയുടേയും ഫോർത്ത് ഇന്‍റർനാഷനൽ ഇന്ത്യൻ ഘടകത്തിന്‍റെയും സ്ഥാപകാംഗവും ആർ.എ.സ്.പി മുഖപത്രമായ സഖാവിന്‍റെ പത്രാധിപരുമായിരുന്നു. ഏറെക്കാലം ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.

കോഴിക്കോട് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ടത്. വിദ്യാർഥി കോൺഗ്രസിന്‍റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

സഖാവ് കെ.ദാമോദരൻ, റോസാ ലക്സംബർഗ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നിവയാണ് പ്രധാന കൃതികൾ. മാധ്യമത്തിൽ ‘വായനക്കിടയിൽ’ എന്ന പംക്തി എഴുതിയിരുന്നു. പരേതയായ ബീപാത്തുവാണ് ഭാര്യ. മക്കൾ ജാസ്മിൻ, മുംതാസ്, അബ്ദുൽ ഗഫൂർ, ബേബി റഷീദ്.