07:31 pm 7/1/2017

പൂണെ: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ കേരളത്തിന് കിരീടം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ മുപ്പത് മെഡലുമായി 112 പോയിൻറുകളോടെയാണ് കേരളം തുടർച്ചയായ ഇരുപതാം കിരീടം ചൂടിയത്.
അവസാന ദിനത്തിൽ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ മുഹമ്മദ് അജ്മലിലൂടെയാണ് കേരളം സ്വർണം നേട്ടത്തിന് തുടക്കം കുറിച്ചത്. 800 മീറ്ററില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ അബിത മേരി മാനുവല്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനില വേണുവും സ്വർണം കരസ്ഥമാക്കി. മീറ്റിലെ അവസാന ഇനമായ ആണ്‍കുട്ടികളുടെ 4×100 മീറ്റര്‍ റിലേയിലെ സ്വർണ നേട്ടത്തോടെ കേരളം ചാമ്പ്യൻമാരായി.
സംഘാടനത്തിന്റെ സൗകര്യത്തിനായി ദേശീയ സ്കൂൾ മീറ്റിനെ മൂന്നായി വിഭജിച്ചശേഷമുള്ള പ്രഥമ സീനിയർ മീറ്റാണ് പുണെയിൽ നടന്നത്. ജൂനിയർ, സബ് ജൂനിയർ മീറ്റുകൾ ഇനി നടക്കാനുണ്ട്. ജൂനിയർ മത്സരങ്ങൾ ഹൈദരാബാദിലും സബ് ജൂനിയർ മത്സരങ്ങൾ നാസിക്കിലുമാണു നടക്കുക.
