02.48 PM 08/01/2017

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ കേന്ദ്ര കമ്മിറ്റിയിൽ നടപടിയുണ്ടാകില്ലെന്ന് സൂചന. കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോൾ വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം ഔദ്യോഗികമായി പിന്നീട് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
വിഎസുമായി ബന്ധപ്പെട്ട പിബി കമ്മീഷൻ റിപ്പോർട്ട് ഇന്നുചേർന്ന കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിറ്റിയിൽ നിന്നും പുറത്തിറങ്ങിയ വി.എസിന്റെ പ്രതികരണം ഉണ്ടായത്. രാവിലെ വി.എസും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് വി.എസ് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
നിലവിൽ കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ് മാത്രമായ വി.എസ് തനിക്ക് പ്രവർത്തിക്കാൻ പ്രത്യേക ഘടകം വേണമെന്ന് കേന്ദ്ര നേതൃത്വത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വി.എസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന ഘടകത്തിന് കടുത്ത എതിർപ്പാണ് ഉള്ളത്.
