10.37 PM 08/01/2017

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. പോളിറ്റ് ബ്യൂറോ കമ്മീഷൻ റിപ്പോർട്ടിൻമേലാണ് നടപടി. പാർട്ടി ശിക്ഷാ നടപടികളിൽ ഏറ്റവും ലഘുവായതാണ് താക്കീത്. സംസ്‌ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത് ഉൾപ്പെടെയുള്ള അച്ചടക്ക ലംഘനങ്ങൾ വി.എസ് നടത്തിയെന്നായിരുന്നു പിബി റിപ്പോർട്ട്. അതേസമയം, സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. പ്രായാധിക്യം മൂലമാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ വി.എസിനെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന സംസ്‌ഥാന ഘടകത്തിന്റെ ആവശ്യവും കേന്ദ്ര കമ്മിറ്റി തള്ളി. വി.എസിനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയില്ലെങ്കിലും സംസ്‌ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്താൻ തീരുമാനിച്ചു. സംസ്‌ഥാന സമിതിയിൽ വി.എസിന് സംസാരിക്കാൻ അനുമതിയുണ്ടെങ്കിലും വോട്ടവകാശമില്ല.
കേന്ദ്ര കമ്മിറ്റിക്കുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മുതിർന്ന നേതാവെന്ന നിലയിൽ വി.എസ് അച്ചടക്കം പാലിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. വി.എസ് പാർട്ടിക്ക് വഴങ്ങണം. പാർട്ടിയുടെ സ്‌ഥാപക നേതാവും വഴികാട്ടിയുമാണ് അദ്ദേഹം. പുതിയ തലമുറയ്ക്ക് വഴികാട്ടിയായി അദ്ദേഹം ഇനിയും മുന്നിലുണ്ടാകണമെന്നും യെച്ചൂരി പറഞ്ഞു.
ഞായാറാഴ്ച രാവിലെ വി.എസും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് വി.എസ് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. നിലവിൽ കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ് മാത്രമായ വി.എസ് തനിക്ക് പ്രവർത്തിക്കാൻ പ്രത്യേക ഘടകം വേണമെന്ന് കേന്ദ്ര നേതൃത്വത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ബന്ധുനിയമന വിവാദത്തിൽ മുൻമന്ത്രി ഇ.പി. ജയരാജൻ, പി.കെ ശ്രീമതി എംപി എന്നിവർക്കെതിരെയും നടപടിയുണ്ടായില്ല. നിലവിലെ കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് നടപടി ഒഴിവാക്കിയതെന്നാണ് അറിയുന്നത്. എന്നാൽ ജയരാജന്റെയും ശ്രീമതിയുടേയും നടപടി പാർട്ടി രീതിക്ക് ചേർന്നതല്ലെന്ന് യെച്ചൂരി പറഞ്ഞു. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ സംസ്‌ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത കേന്ദ്രകമ്മിറ്റിയിൽ ഇത് ചർച്ചചെയ്യാനും ധാരണയായതായി യെച്ചൂരി അറിയിച്ചു. എം.എം. മണിക്കെതിരെ നടപടിയെടുക്കാത്തതും കേസ് പൂർത്തിയാകാത്തതിനാലാണെന്ന് യെച്ചൂരി അറിയിച്ചു.
