08:30 am 14/1/2017

വാഷിങ്ടൺ: അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുൻ നിർത്തി ബറാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയർ പദ്ധതി നിർത്തലാക്കുന്നു. ഇത് സംബന്ധിച്ച പ്രേമയം 198നെതിരെ 227 വോട്ടുകളോടെയാണ് അമേരിക്കൻ ജനപ്രതിനിധിസഭയിൽ പാസായത്.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുതന്നെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി നിർത്തലാക്കുമെന്ന് അറിയിച്ചിരുന്നു. സാമ്പത്തിക ബാധ്യതയായിരുന്നു കാരണമായി പറഞ്ഞിരുന്നത്. നേരത്തെ 41നെതിരെ 58 വോട്ടുകൾക്ക് പദ്ധതി നിർത്തലാക്കുന്നതിന് അമേരിക്കൻ സെനറ്റും അംഗീകാരം നൽകിയിരുന്നു. രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാർക്കാണ് ഒബാമ കെയർ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്.
പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതി തുടരുമെന്നും കാലികമായ മാറ്റങ്ങൾ മാത്രമേ വരുത്തുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പദ്ധതി വേണ്ടെന്നു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
