ഗംഗ നദിയില്‍ പട്നക്ക് സമീപം ബോട്ട് മറിഞ്ഞ് 20 പേര്‍ മുങ്ങിമരിച്ചു.

08:00 am 15/1/2017
unnamed (1)
പട്ന: ഗംഗ നദിയില്‍ പട്നക്ക് സമീപം ബോട്ട് മറിഞ്ഞ് 20 പേര്‍ മുങ്ങിമരിച്ചു. മകരസംക്രാന്തിയോടനുബന്ധിച്ച് നടന്ന പട്ടംപറത്തല്‍ ഉത്സവത്തിനുശേഷം സബല്‍പൂരില്‍നിന്ന് പട്നയിലെ റാണിഗട്ടിലേക്ക് പോയവരാണ് അപകടത്തില്‍പെട്ടത്. ഏഴുപേരെ രക്ഷപ്പെടുത്തി പട്ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമിതമായി യാത്രക്കാര്‍ കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

20 പേര്‍ കയറാവുന്ന ബോട്ടില്‍ ഇരട്ടിയോളം യാത്രക്കാരുണ്ടായിരുന്നു. വൈകീട്ട് 5.45നാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി സര്‍വിസ് നടത്തുകയായിരുന്നു. തണുപ്പായതിനാല്‍ രാത്രിക്ക് മുമ്പേ അക്കരെ കടക്കാന്‍ ധിറുതികൂട്ടിയവര്‍ കൂട്ടത്തോടെ ബോട്ടില്‍ കയറിപ്പറ്റുകയായിരുന്നു. മൃതദേഹങ്ങള്‍ക്കായും അപകടത്തില്‍പെട്ട മറ്റുള്ളവര്‍ക്കായുമുള്ള തെരച്ചില്‍ ശനിയാഴ്ച രാത്രി അവസാനിപ്പിച്ചു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഞായറാഴ്ച പട്നയില്‍ മോദി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി മാറ്റിവെച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തില്‍പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.