സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും.

08:20 am 15/1/2017
images
57ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും. കലോത്സവത്തിന്റെ ഊട്ടുപുരയില്‍ ഇന്ന് രാവിലെ പാലുകാച്ചല്‍ നടക്കും. മത്സരാര്‍ത്ഥികളുടെ ആദ്യസംഘവും ഇന്ന് വൈകീട്ടെത്തുന്നതോടെ കണ്ണൂരില്‍ കലോത്സവച്ചൂടേറും.
കണ്ണൂരില്‍ ഉത്സവത്തിന് ഒരുനാള്‍ ബാക്കി. വേദികളൊരുങ്ങി, സ്വര്‍ണക്കപ്പെത്തി,തോരണങ്ങള്‍ നിരന്നു. ഇനി ആളെത്തണം. 12,000 മത്സരാര്‍ത്ഥികള്‍ ഇന്ന് മുതല്‍ കണ്ണൂരിലേക്ക് ഒഴുകും. കലാസ്വാദകര്‍ വേറെ. വൈകീട്ട് മൂന്നു മണിക്ക് ആദ്യസംഘം എറണാകുളത്ത് നിന്നെത്തും. കൈത്തറി തൂവാലയും പുസ്തകവും നല്‍കിയാവും കൗമാര പ്രതിഭകളെ സ്വീകരിക്കുന്നത്. ജവഹര്‍ സ്റ്റേഡിയത്തിലെ ഊട്ടുപുരയില്‍ രാവിലെ ഒന്‍പത് മണിക്കാണ് പാലുകാച്ചല്‍. പഴയിടം ഇന്ന് ഉച്ച മുതല്‍ രുചിപ്പെരുമ വിളമ്പും. നാളത്തെ ഉദ്ഘാടന ചടങ്ങിനുളള ഒരുക്കങ്ങളും സജീവമാണ്. കണ്ണൂരിന്റെ സാംസ്കാരിക പാരമ്പര്യം അണിനിരക്കുന്ന ഘോഷയാത്രക്ക് ശേഷമാണ് ഉദ്ഘാടന സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയായിരിക്കും. തുടര്‍ന്നാവും ഇരുപത് വേദികളിലായി 232 ഇനങ്ങളില്‍ നടക്കുന്ന ഒരാഴ്ചത്തെ ഉത്സവം.