കണ്ണൂര്‍: സി.പി.എമ്മിന്‍െറ ശക്തികേന്ദ്രത്തിലും മുഖ്യമന്ത്രിയുടെ തട്ടകത്തിലും നടക്കുന്ന സംസ്ഥാന സ്കൂള്‍ കലാമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഇ.പി. ജയരാജന്‍ എം.എല്‍.എയുടെ അസാന്നിധ്യം ശ്രദ്ധേയമായി. പിണറായി മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ രണ്ടാമനായിരുന്ന ഇ.പി വിവാദങ്ങളെ തുടര്‍ന്ന് പുറത്തായശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന മേളയില്‍ ഇതുവരെ രംഗത്തുവന്നിട്ടില്ല. അദ്ദേഹം മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, അദ്ദേഹത്തിന്‍െറ സമ്പൂര്‍ണ ചുമതലയിലാകുമായിരുന്നു മേളയുടെ എല്ലാ പ്രവര്‍ത്തനങ്ങളും.
ജില്ലയിലെ എല്ലാ എം.പിമാരും കെ.എം. ഷാജി, കെ.സി. ജോസഫ് എന്നിവര്‍ ഒഴികെയുള്ള എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബന്ധുനിയമനത്തില്‍ ഇ.പി. ജയരാജനോടൊപ്പം വിവാദത്തിലായ പി.കെ. ശ്രീമതിയും പങ്കെടുത്തു. സി.പി.എമ്മിന്‍െറ എം.എല്‍.എമാരായ ജയിംസ് മാത്യു സ്വീകരണ കമ്മിറ്റിയുടെയും ടി.വി. രാജേഷ് എം.എല്‍.എ ഭക്ഷണ കമ്മിറ്റിയുടെയും സി. കൃഷ്ണന്‍ ട്രോഫി കമ്മിറ്റിയുടെയും എന്‍.എന്‍. ഷംസീര്‍ സാംസ്കാരിക പരിപാടികളുടെയും ചെയര്‍മാന്മാരാണ്. യു.ഡി.എഫ് എം.എല്‍.എമാരായ സണ്ണി ജോസഫ് പ്രോഗ്രാം കമ്മിറ്റിയുടെയും കെ.എം. ഷാജി സ്റ്റേജ്, പന്തലിന്‍െറയും ചെയര്‍മാന്മാരാണ്. സി.പി.എമ്മിന്‍െറ എം.എല്‍.എമാരില്‍ ഇ.പി. ജയരാജന്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.

