വാഷിംങ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡൻറ് ഡൊണൾഡ് ട്രംപിനെതിരെ ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ത്രീകളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം അമേരിക്കക്ക് പുറമെ യൂറോപ്പിലെ ലണ്ടൻ, ബർലിൻ, പാരിസ്, സ്റ്റോക്ഹോം ഏഷ്യയിലെ ടോക്കിയൊ, ആഫ്രിക്ക, സിഡ്നി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.
ട്രംപ് രാജ്യത്തെ വിഭജിക്കുകയാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി. നമ്മുടെ അവകാശം സംരക്ഷിക്കപ്പെടണം. ജനങ്ങൾ അവരുടെ അവകാശത്തിനായി കഠിനാധ്വാനം ചെയ്യണം. ട്രംപ് ജനങ്ങളെ ബഹുമാനിക്കില്ലെന്ന് ഉറപ്പാണെന്ന് റെസ്റ്റോറൻറ് ഉടമയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് സ്ത്രീകളെ അപമാനിച്ച നിരവധി സംഭവങ്ങൾ പുറത്ത്വന്നിരുന്നു.
വെള്ളിയാഴ്ച നടന്ന ട്രംപിെൻറ സ്ഥാനാരോഹണ ചടങ്ങിനിടെയുണ്ടായ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങുകയും 217 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കെ. സ്ട്രീറ്റിൽ നടന്ന പ്രകടനത്തിനിടെ പ്രതിഷേധക്കാർ കടകളും ബസ്സ്റ്റോപ്പുകളും അടിച്ചു തകർത്തു. സ്ഥിതി നിയന്ത്രണവിധേയമാക്കാനെത്തിയ പൊലീസ് പ്രകടനക്കാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ഏഴ്പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.