മഞ്ഞിനിക്കര കബറിങ്കലേക്ക് തീര്‍ത്ഥാടനം

12:50 pm 22/1/2017

– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_20567855
ഡാലസ് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട, കലിഫോര്‍ണിയ, ലൊസാഞ്ചല്‍സ്, സെന്റ് മേരീസ് സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മാര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയന്‍ ബാവായുടെ കബറിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നു.

ഫെബ്രുവരി 9നു ക്‌നാനായ ഭദ്രാസന ആസ്ഥാനമായ തിരുവല്ല വള്ളംകുളം ബേത്ത് നഹറിന്‍ അരമനയില്‍ നിന്നും വടക്കന്‍ മേഖലാ തീര്‍ത്ഥാടകരോടൊത്ത്, അമേരിക്കന്‍ മലങ്കര അതിഭദ്രാസത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍, ലൊസാഞ്ചല്‍സ് സെന്റ് മേരീസ് പള്ളി വികാരി വെരി. റവ. സാബു തോമസ് കോര്‍ എപ്പിസ്‌കോപ്പായുടെ നേതൃത്വത്തില്‍ ഒത്തു ചേര്‍ന്ന് കാല്‍നടയായി 10–ാം തിയതി രാവിലെ മഞ്ഞിനിക്കര കബറിങ്കല്‍ എത്തിച്ചേരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിലധികമായി സെന്റ് മേരീസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രമീകരിച്ചു വരുന്ന ഈ തീര്‍ത്ഥയാത്രയില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികളാണ് പങ്കുചേരുന്നത്. കാല്‍നട യാത്രക്കൊപ്പം, അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ പേരില്‍ വിശുദ്ധ ബാവായുടെ ഛായാചിത്രത്തോടുകൂടിയ രഥവും മറ്റു വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നുള്ളതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

ആശ്രിതര്‍ക്കാശ്വാസവും ആലംബഹീനര്‍ക്ക് സഹായ ഹസ്തവുമായി അനുഗ്രഹങ്ങളുടെ നിറകുടമായി നിലകൊള്ളുന്ന ഈ മഹാപരിശുദ്ധന്റെ കബറിങ്കലേക്ക് വര്‍ഷംതോറും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഈ കാല്‍നട തീര്‍ത്ഥയാത്രയില്‍ പങ്കുചേര്‍ന്നു അനുഗ്രഹ സമ്പന്നരായി മടങ്ങുന്നത്.

ഈ തീര്‍ത്ഥാടനത്തില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ താല്പര്യമുള്ളവര്‍ 818 633 4986 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വെരി. റവ. സാബു തോമസ് കോര്‍ എപ്പിസ്‌കോപ്പാ അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.