07:22 pm 22/1/2017
കണ്ണൂര്‍: കളിയാട്ടത്തിന്റെ തട്ടകത്തിലും കൗമാരകലയുടെ കിരീടം ചൂടി കോഴിക്കോട്. തുടര്‍ച്ചയായ പതിനൊന്നാം കലോത്സവ കിരീടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കലാകിരീടം നേടുന്ന ജില്ലയെന്ന ഖ്യാതിയും കോഴിക്കോടിന് സ്വന്തം. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 937 പോയിൻറുമായി കോഴിക്കോട് സ്വർണകപ്പ് നിലനിര്‍ത്തിയത്.
ആദ്യം മുതൽ അന്ത്യം വരെ ഇഞ്ചോടിഞ്ച് പൊരുതി നിന്ന പാലക്കാടിന് 936 പോയിൻറ് നേടി. ആതിഥേയരായ കണ്ണൂർ 933 പോയിന്റുമായി കിരീടപ്പോരാട്ടത്തില്‍ മുന്നിട്ടുനിന്നു. പാലക്കാടിെൻറ എട്ട് ഹയർ അപ്പീലുകളും തള്ളിയതോടെ കോഴിക്കോട് കിരീടം നിലനിർത്തുകയായിരുന്നു.
അവസാന ദിവസം വരെ കോഴിക്കോടും പാലക്കാടും തമ്മിൽ പോയിൻറ് നിലയിൽ നേരിയ വ്യത്യാസത്തിലാണ് പോരാടിയത്. എന്നാല്‍ അവസാന ദിനം ദേശഭക്തിഗാനത്തിന്റെ ഫലം വന്നതോടെ പാലക്കാടിനെ മറികടന്ന് കോഴിക്കോട് മുന്നിലെത്തുകയായിരുന്നു. ദേശഭക്തിഗാനത്തില്‍ മത്സരിച്ച കോഴിക്കോടിെൻറ മൂന്ന് പേര്‍ എ ഗ്രേഡ് സ്വന്തമാക്കിയപ്പോള്‍ പാലക്കാട് രണ്ടു ബി ഗ്രേഡിൽ തൃപ്തിപ്പെട്ടു.
21 തവണയാണ് കോഴിക്കോട് കലോത്സവത്തിൽ സ്വർണകപ്പ് ജേതാക്കളായത്.20 തവണ ഒറ്റക്ക് ജേതാക്കളായപ്പോള്‍ 2015-ല്‍ ഫോട്ടോ ഫിനിഷില്‍ പാലക്കാടുമായി കിരീടം പങ്കിടുകയായിരുന്നു.
കലോൽസവ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. മജീഷ്യൻ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥിതി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, രവീന്ദ്രനാഥ്,പി.കെ. ശ്രീമതി എം.പി. കെ.സി. ജോസഫ് എംഎൽഎ, കെ.വി. സുമേഷ്, കണ്ണൂർ മേയർ ലത തുടങ്ങിയവർ പരിപാടിയിൽ പെങ്കടുത്തു.