ട്രംപിന്‍െറ തീരുമാനത്തില്‍ അതീവ ആശങ്കയുമായി സുക്കര്‍ബര്‍ഗ്.

08:28 am 29/1/2017
Mark-Zuckerberg-005

ന്യൂയോര്‍ക്: കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും വിലക്കിയ ഡോണള്‍ഡ് ട്രംപിന്‍െറ തീരുമാനത്തില്‍ അതീവ ആശങ്കയുമായി ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ്.

‘‘നിങ്ങളെ പോലെ ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ച ഉത്തരവിന്‍െറ അനന്തരഫലം എന്തായിരിക്കുമെന്നതില്‍ ഞാനും ആശങ്കയിലാണ്. തീര്‍ച്ചയായും നമ്മുടെ രാജ്യം സുരക്ഷിതമാക്കേണ്ടതുണ്ട്.

നമ്മുടെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നവരെ അകറ്റിനിര്‍ത്തേണ്ടത് ആവശ്യമാണ്. എന്നാല്‍, അഭയാര്‍ഥികള്‍ക്കും സഹായം ആവശ്യമായവര്‍ക്കും നേരെ വാതില്‍ തുറന്നിടുകതന്നെ വേണം. അതാണ് നമ്മുടെ പാരമ്പര്യം’’ -സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണ്.

തന്നെ വ്യക്തിപരമായി ബാധിക്കുന്ന വിഷയം കൂടിയാണിത്. എന്‍െറ പിതാമഹന്മാര്‍ യുറോപ്പില്‍നിന്ന് കുടിയേറിയവരാണ്. ഭാര്യ പ്രസില്ല ചാനിന്‍െറ കുടുംബം ചൈനയില്‍നിന്നും വിയറ്റ്നാമില്‍നിന്നും അമേരിക്കയുടെ അഭയാര്‍ഥിത്വം സ്വീകരിച്ചവരാണെന്നും സുക്കര്‍ബര്‍ഗ് എഴുതി.