മലേഷ്യയിലെ ബെർണിയോ കടലിൽ ബോട്ട് മുങ്ങി 28 ചൈനീസ് പൗരന്മാരടക്കം 31 പേരെ കാണാതായി

12:04 pm 29/1/2017
download
ക്വാലാലംപുർ: മലേഷ്യയിലെ ബെർണിയോ കടലിൽ ബോട്ട് മുങ്ങി 28 ചൈനീസ് പൗരന്മാരടക്കം 31 പേരെ കാണാതായി. കിഴക്കൻ മലേഷ്യയിലെ സബഹ് സംസ്ഥാനത്തെ കോട്ടകിനാബലുവിൽ നിന്ന് പുലാവു മെൻഗലം ദ്വീപിലേക്ക് പോയ ബോട്ടും യാത്രക്കാരെയുമാണ് കാണാതായത്. കോട്ടകിനാബലുവിന് പടിഞ്ഞാറ് 60 കിലോമീറ്റർ അകലെയുള്ള പ്രശസ്ത വിനോദ സഞ്ചാര ദ്വീപാണ് പുലാവു മെൻഗലം.

യാത്രക്കാർ അപകടത്തിൽപ്പെട്ട വിവരം മലേഷ്യൻ മാരിടൈം എൻഫോഴ്സ്മെന്‍റ് ഏജൻസിയാണ് പുറത്തുവിട്ടത്. എട്ട് കപ്പലുകളും രണ്ട് വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോട്ടകിനാബലുവും പുലാവു മെൻഗലവും ഉൾപ്പെടുന്ന 400 നോട്ടിക്കൽ സ്ക്വയർ മൈൽ ചുറ്റളവിൽ കടലിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

20 പൗരന്മാരെ കാണാതായ വിവരം കോട്ടകിനാബലുവിലെ ചൈനീസ് കോൺസുലെറ്റ് ജനറൽ സ്ഥിരീകരിച്ചതായി ചൈനീസ് വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു.