പരിയാരത്ത് യുവാവിനെ മര്‍ദിച്ചു കൊന്നത് നാട്ടുകൂട്ടം മാതൃകയില്‍ പൊതുവിചാരണ നടത്തിയ ശേഷമെന്ന് പൊലീസ്

07:45 pm 29/1/2017
images (3)
കണ്ണൂര്‍: പരിയാരത്ത് യുവാവിനെ മര്‍ദിച്ചു കൊന്നത് നാട്ടുകൂട്ടം മാതൃകയില്‍ പൊതുവിചാരണ നടത്തിയ ശേഷമെന്ന് പൊലീസ്. ഈ സാഹചര്യത്തില്‍ കേസില്‍ പിടിയിലായവര്‍ക്ക് പുറമെ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ മരണത്തിന് ശേഷമുള്ള പ്രതികരണങ്ങളാണ് പൊലീസിന് സംശയമുളവാക്കിയിരിക്കുന്നത്. പ്രദേശത്തെ മഹല്ല് കമ്മിറ്റി അധികൃതര്‍ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
കൃത്യമായ ആസൂത്രണത്തിന് ശേഷം രാത്രിയില്‍ ഒളിചിരുന്ന് പിടികൂടി, ആളൊഴിഞ്ഞ പറമ്പില്‍ വെച്ചായിരുന്നുയുവാവിനെ ക്രൂരമായ മര്‍ദനവും വിചാരണയും. ഇതിനായി അഞ്ചംഗ സംഘം ഉപയോഗിച്ച കാര്‍ പൊലീസ് പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട മര്‍ദനത്തില്‍ ശരീരത്തില്‍ മൊത്തം 43 പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. മര്‍ദനത്തിന് ശേഷം നാട്ടുകാര്‍ക്ക് കാണാനായാണ് വഴിയരികില്‍ തന്നെ ഉപേക്ഷിച്ചത്. എന്നാല്‍ വഴിയില്‍ തള്ളിയ യുവാവ് ജീവനോടെ ഇവിടെ കിടന്നത് മൂന്ന് മണിക്കൂറിലധികമാണ്.
യുവാവ് ജീവന് വേണ്ടി അപേക്ഷിച്ച് കിടക്കുന്നത് കണ്ടിട്ടും തിരിഞ്ഞുനോക്കാതെ പോയവരില്‍ ഉറ്റബന്ധുക്കള്‍ വരെ ഉണ്ടായിരുന്നു. മരണത്തിന് മുന്‍പ് വെള്ളം നല്‍കാനെത്തിയവര്‍ പോലും പൊലീസെത്തുന്നത് വരെ കാലുകളിലെ കെട്ടഴിക്കാനോ ആശുപത്രിയിലെത്തിക്കാനോ തുനിഞ്ഞില്ല. ഇത് മനപ്പൂര്‍വ്വമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ചികിത്സ കിട്ടാതെയും ചോരവാര്‍ന്നുമാണ് മരണം സംഭവിച്ചിരിക്കുന്നത്.
പിടിയിലായ അഞ്ചംഗ സംഘത്തെ കൂടാതെ മറ്റു ചിലരും കൊല്ലപ്പെട്ട ഖാദറിനെ പിടികൂടാന്‍ മുന്‍പും രാത്രികളില്‍ വീട്ടില്‍ ചെന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷവും നാട്ടുകാരില്‍ ചിലരുടെ പ്രതികരണം പിടിയിലായവര്‍ക്കനുകൂലമാണ്. പ്രതികള്‍ക്കായി പണപ്പിരിവിനും ശ്രമം നടക്കുന്നതായി വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കാനാണ് പോലീസ് തീരുമാനം.
കൊലപാതകത്തിലേക്ക് നയിച്ചതിലും ഗൂഢാലോചനയ്ക്ക് പിറകിലും വലിയ സംഘം ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശത്തെ മഹല്ല് കമ്മിറ്റി അധികൃതര്‍ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്ത് ഇത്തരം വിവരങ്ങള്‍ അറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. യുവാവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ കുറ്റവാളികളുടെ പങ്ക് വ്യക്തമായാല്‍ കൂടുതല്‍ പേര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും.