കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു.

08:15 am 3/2/2017
images
തിരുവനന്തപുരം: തുടര്‍ച്ചയായ ശമ്പളം മുടങ്ങലില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. എ.ഐ.ടി.യു.സിയുടെ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍, കോണ്‍ഗ്രസ് സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടി.ഡി.എഫ്), ബി.എം.എസിന്‍െറ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് സംഘ് എന്നീ സംഘടനകളാണ് സമരത്തിലുള്ളത്. അതേസമയം, സി.ഐ.ടി.യുവിന്‍െറ കെ.എസ്.ആര്‍.ടി.ഇ.എ സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു. വ്യാഴാഴ്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച രാത്രി 12വരെയാണ് സമരം.

അതേസമയം, മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യാഴാഴ്ച തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. ടി.ഡി.എഫ്, സി.ഐ.ടി.യു സംഘടന പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തത്. ചൊവ്വാഴ്ചക്കുള്ളില്‍ ശമ്പളം നല്‍കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഡിസംബറിലെ പെന്‍ഷന്‍ കുടിശ്ശിക 27.5 കോടി രൂപ വ്യാഴാഴ്ച രാത്രിക്കുള്ളില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കഴിഞ്ഞമാസം നടന്ന ചര്‍ച്ചകളില്‍ ഇത്തരം ഉറപ്പുകള്‍ ലഭിച്ചിരുന്നെങ്കിലും വീണ്ടും ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ ടി.ഡി.എഫ് സമരത്തില്‍ ഉറച്ചുനിന്നു. ഭരണപക്ഷ സംഘടനയായ എ.ഐ.ടി.യു.സി ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളമുടക്കം തുടര്‍ച്ചയാണ്. കഴിഞ്ഞമാസം രണ്ടുതവണയായാണ് ശമ്പളം നല്‍കിയത്. ജനുവരിയിലെ ശമ്പളവും പെന്‍ഷനും ഇനിയും കൊടുത്തുതീര്‍ത്തിട്ടില്ല. കെ.ടി.ഡി.എഫ്.സിയില്‍നിന്ന് 100 കോടിയുടെ വായ്പ ഉടന്‍ ലഭിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പാലക്കാട് സര്‍വിസ് സൊസൈറ്റിയില്‍നിന്ന് 100 കോടി വായ്പക്കുവേണ്ടി കെ.എസ്.ആര്‍.ടി.സി അപേക്ഷ നല്‍കിയിട്ടുമുണ്ട്. രണ്ട് വായ്പയും ലഭിക്കുമ്പോള്‍ കുടിശ്ശിക തീര്‍ക്കാന്‍ കഴിയുമെന്നാണ് മാനേജ്മെന്‍റ് കണക്കുകൂട്ടുന്നത്.