10:34am 5/2/2017 ‘

കൊച്ചി: ഐ ഒ സി ഉദയംപേരൂർ പ്ലാന്റിലെ കരാർ തൊഴിലാളികളുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ജോലിക്ക് കയറില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
സമരത്തെത്തുടർന്ന് പാചക വാതക നീക്കം പൂർണമായി നിലച്ചിരിക്കുകയാണ്. അതിനിടെ പ്രശ്ന പരിഹാരത്തിനായി റീജിയണൽ ലേബർ കമ്മീഷണർ തൊഴിലാളികളെ ചർച്ചയ്ക്ക് ക്ഷണിച്ചു. നാളെ രാവിലെ 10 മണിക്കാണ് ചർച്ച.
പ്ലാന്റിലെ കരാർ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം പൊളളലേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ആമ്പുലൻസ് പോലും കിട്ടാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ സമരം തുടങ്ങിയത്. പരിക്കേറ്റ തൊഴിലാളിയെ ബൈക്കിലാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
