ഇ. അഹമ്മദിന്‍റെ മരണവിവരം മറച്ചുവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം.

12:18 pm 6/2/2017
images (4)
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍റെ മരണവിവരം മറച്ചുവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം. പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ കേരളാ എം.പിമാർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ പങ്കെടുത്തു.

വിഷയം പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇ. അഹമ്മദിനെ അനാദരിച്ച വിഷയത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണം മാത്രം പോരെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സ്വതന്ത്രമായ അന്വേഷണമാണ് നടക്കേണ്ടത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഖാർഗെ വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ എം.പിമാരുടെ പ്രതിഷേധത്തെ തുടർന്ന് ലോക്സഭാ നടപടികൾ 12 മണിവരെ നിർത്തിവെച്ചു. കൂടാതെ എം.പിമാരെ അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും ലോക്സഭയിൽ പ്രതിഷേധിച്ചു.