മുത്തോലത്ത് ഓഡിറ്റോറിയം വെഞ്ചിരിപ്പും സമരിറ്റന്‍ സംഗമവും ഫെബ്രുവരി 14 ന്

08:17 am 7/2/2017

– ബിനോയി കിഴക്കനടി (പി. ആര്‍. ഒ.)
Newsimg1_90871423
ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സാമുഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ സെന്ററില്‍ നിര്‍മ്മിച്ച മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പും നാലാമത് സമരിറ്റന്‍ സംഗമവും ഫെബ്രുവരി 14 ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 3 .30 ന് ചേരുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് നിര്‍വഹിക്കും. തുടര്‍ന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അധ്യക്ഷതയില്‍ സാമൂഹ്യ സേവനം വ്രതമാക്കിയ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സമരിറ്റന്‍ സംഗമം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്യും.

കെ.എസ്.എസ്.എസ് മുന്‍ സെക്രട്ടറിയും ചിക്കാഗോ രൂപത സോഷ്യല്‍ സര്‍വീസ്, അഗാപ്പെ മൂവ്‌മെന്റ് എന്നിവയുടെ ഡയറക്ടറുമായ ഫാ. എബ്രഹാം മുത്തോലത്ത് നിര്‍മ്മിച്ച് നല്കിയതാണ് മുത്തോലത്ത് ഓഡിറ്റോറിയം. സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവര്‍ക്കും അന്ധ ബധിരര്‍ക്കും ശാസ്ത്രീയ പരിശീലനവും പുനരധിവാസവും നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് ഫാ. എബ്രഹാം മുത്തോലത്ത് വിഭാവനം ചെയ്ത് 2010 ല്‍ ആരംഭിച്ച സമരിറ്റന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായിട്ടാണ് ഓഡിറ്റോറിയത്തിന്റെ വരുമാനം പൂര്‍ണമായും ഉപയോഗിക്കുന്നത്. സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ എന്ന ആശയം മുന്നോട്ട് വച്ചതും സെന്ററിന്റെ നിമ്മാണത്തിന് ആവശ്യമായ സ്ഥലവും സാമ്പത്തികവും ലഭ്യമാക്കിയതും മുത്തോലത്തച്ചനാണ്. ഇന്ന് അന്ധ ബധിരരുടെ സമഗ്ര ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ആദ്യ സംസ്ഥാനതല റിസേര്‍ച്ച് സെന്‍ന്ററും പഠനകേന്ദ്രവുമാണ് സമരിറ്റന്‍ സെന്റര്‍. അന്ധ ബധിര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ദേശിയ തലത്തില്‍ പ്രവൃത്തിക്കുന്ന സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുമായി സഹകരിച്ചാണ് സമരിറ്റന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് സെന്ററിലൂടെ നിത്യേന സേവനം നല്‍കി വരുന്നു. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഇത്തരം വൈകല്യമുള്ള 300 ലിധികം പേര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

സമ്മേളനത്തോടനുബന്ധിച്ച് ചിക്കാഗോ അഗാപ്പെ മൂവ്‌മെന്റിന്റെ സഹകരണത്തോടെ വര്‍ഷം തോറും മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് കെ.എസ്.എസ്.എസ് നല്‍കി വരുന്ന ഗുഡ് സമരിറ്റന്‍ അവാര്‍ഡ് സമ്മാനിക്കും. കല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍കര്‍ കല എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക ആനി ജോസഫിനാണ് നാലാമത് സമരിറ്റന്‍ അവാര്‍ഡ് ലഭിക്കുന്നത്.

മിയാവ് രൂപതാ ബിഷപ് മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, മോന്‍സ് ജോസഫ് എം.എല്‍.എ, കോട്ടയം രൂപതാ വികാരി ജെനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. എബ്രഹാം മുത്തോലത്ത്, കിടങ്ങുര്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. മൈക്കിള്‍ എന്‍.ഐ , കിടങ്ങുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രഹാം, കെ.എസ്.എസ്.എസ് സെക്രെട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, സമരിറ്റന്‍ സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും