ട്രംപ് ബ്രിട്ടീഷ് പാർലമെന്‍റിനെ അഭിസംബോധന ചെയ്യുന്നതിൽ എതിർപ്പുമായി സ്പീക്കർ.

08:36 am 7/2/2017

images (4)
ലണ്ടൻ: യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ബ്രിട്ടീഷ് പാർലമെന്‍റിനെ അഭിസംബോധന ചെയ്യുന്നതിൽ എതിർപ്പുമായി സ്പീക്കർ ജോൺ ബെർകോ. വർഗീയതക്കും ലിംഗ വിവേചനത്തിനും എതിരായ പാർലമെന്‍റിന്‍റെ പ്രഖ്യാപിത നിലപാടുകളാണ് ട്രംപിനെ എതിർക്കാനുള്ള കാരണം. ബ്രിട്ടീഷ് പാർലമെന്‍റിനെ അഭിസംബോധന ചെയ്യുന്നതിനെ വിലക്കണമെന്ന് അധോസഭാ സ്പീക്കർ ജോൺ ബെർകോ ആവശ്യപ്പെട്ടു.

കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കുന്നതിന് മുമ്പേ ട്രംപിന്‍റെ നയങ്ങളെ താൻ എതിർത്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ട്രംപിനെതിരായ പ്രതിഷേധം വർധിക്കുകയാണെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, യു.എസുമായുള്ള ബന്ധത്തെ മാനിക്കുന്നതായും നയതന്ത്ര സന്ദർശനത്തിന് എതിരല്ലെന്നും ജോൺ ബെർകോ വ്യക്തമാക്കി.

ട്രംപിനുള്ള ക്ഷണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 18 ലക്ഷം പേർ ഒപ്പിട്ട ഭീമഹരജി ഫെബ്രുവരി 20ന് ബ്രിട്ടീഷ് പാർലമെന്‍റ് ചർച്ച ചെയ്യാൻ ഇരിക്കുകയാണ്. പാർലമെന്‍റിൽ ആരെല്ലാം സംസാരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ട മൂന്നംഗങ്ങളിൽ ഒരാളാണ് സ്പീക്കർ.

കുടിയേറ്റക്കാർക്കെതിരെ ട്രംപിന്‍റെ വിലക്കും ഇതിനെതിരായ ഫെഡറൽ കോടതി പരാമർശങ്ങളും രാജ്യാന്തര വിമർശനങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിൽ സ്പീക്കർ ജോൺ ബെർകോയുടെ പ്രസ്താവനക്ക് വലിയ പ്രാധാന്യമാണുള്ളത്. ട്രംപിന്‍റെ പരാമർശനങ്ങളെ ഭാഗികമായി അനുകൂലിച്ചിട്ടുള്ള പ്രധാനമന്ത്രി തെരേസ മെയ് കഴിഞ്ഞ മാസം ട്രംപിനെ ബ്രിട്ടൻ സന്ദർശനത്തിനായി ക്ഷണിച്ചിരുന്നു.