ചൂടു കൂടുന്നു പാലക്കാട് രണ്ടു പശുക്കുട്ടികൾ ചത്തു.

09:44 am 7/2/2017
images (12)
പാലക്കാട്: ജില്ലയിലെ കൊടുംചൂടും ജലക്ഷാമവും നിമിത്തം നാല്‍ക്കാലികള്‍ക്ക് രക്ഷയില്ലാതായി. രണ്ടു ദിവസങ്ങളിലായി രണ്ടു പശുക്കുട്ടികളാണ് ചത്തത്. മണ്ണൂര്‍ പുതുക്കുളങ്ങര സ്വദേശി സരസ്വതിയുടേയും മണ്ണൂര്‍ താഴത്തെ വീട് സുഷമകുമാറിന്‍േറയും പശുക്കുട്ടികളാണ് അസഹ്യമായ ചൂടും നിര്‍ജ്ജലീകരണവും മൂലം കുഴഞ്ഞ് വീണ് ചത്തത്. സരസ്വതിയുടെ രണ്ട് മാസം പ്രായമുള്ള കിടാവും സുഷമകുമാറിന്‍െറ ഒരു മാസം പ്രായമുള്ള കിടാവുമാണ് ചത്തത്.
സരസ്വതിയുടേയും സുഷമകുമാറിന്‍േറയും മുഖ്യഉപജീവനമാര്‍ഗം പശുവളര്‍ത്തലാണ്. താങ്ങാനാകാത്ത ചൂടാണ് പശുക്കുട്ടികള്‍ ചാവാന്‍ കാരണമെന്ന് മണ്ണൂര്‍ വെറ്ററിനറി ഡിസ്പെന്‍സറിയിലെ ഡോ. രവി ‘മാധ്യമ’ത്തോട് പറഞ്ഞു. ചൂട് ശക്തമായാല്‍ അത് താങ്ങാനുള്ള ശേഷി പശുക്കിടാങ്ങള്‍ക്ക് ഉണ്ടാവില്ല. ചൂട് അമിതമായാല്‍ തൊഴുത്തില്‍ കെട്ടിയ പശുക്കുട്ടികള്‍ തന്നെ കുഴഞ്ഞുവീഴാന്‍ സാധ്യതയേറെയാണെന്ന് ഡോ. രവി പറഞ്ഞു. ഇത്തരം സംഭവം ഉണ്ടായാല്‍ ക്ഷീര കര്‍ഷകര്‍ വിവരം വെറ്ററിനറി ഡോക്ടറെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാവിലേയും വൈകീട്ടും പതിവായി വെള്ളം നല്‍കുക, രാവിലെ പത്തു മുതല്‍ വൈകീട്ട് നാലുവരെ കന്നുകളെ പുറത്തുവിടരുത്, തണുപ്പുള്ള സ്ഥലത്ത് പാര്‍പ്പിക്കുക തുടങ്ങിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ജില്ല വെറ്ററിനറി വകുപ്പ് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി. കഴിഞ്ഞ ദിവസം മണ്ണൂര്‍ പഞ്ചീരിക്കാട് സ്വദേശി മുരളിക്ക് സൂര്യാതപമേറ്റിരുന്നു. ജില്ലയിലെ ആദ്യത്തെ സൂര്യാതപ കേസാണിത്. തിങ്കളാഴ്ച മുണ്ടൂര്‍ ഇന്‍റര്‍ഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററില്‍ (ഐ.ആര്‍.ടി.സി) ഉയര്‍ന്ന ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.