08:10 pm 9/2/2017
ചെന്നൈ: കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിനു പിന്നാലെ എഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടു. കൂടിക്കാഴ്ചയിൽ 130 എംഎൽമാരുടെ പിന്തുണ കത്ത് ശശികല ഗവർണർക്ക് കൈമാറി. 10 മന്ത്രിമാരും തന്നോടൊപ്പമുണ്ടെന്ന് ശശികല അവകാശപ്പെട്ടു. വൈകിട്ട് ഏഴോടെയാണ് ശശികല ഗവർണറെ കാണാൻ രാജ്ഭവനിൽ എത്തിയത്. ചെന്നൈ മെറീന ബീച്ചിലുള്ള ജയലളിതയുടെ ശവകുടീരത്തിലെത്തി പ്രാർഥിച്ച ശേഷമായിരുന്നു ശശികലയുടെ രാജ്ഭവനിലേക്കുള്ളവരവ്.
നേരത്തെ ഒ. പനീർശെൽവവും ഗവർണറെ കണ്ടിരുന്നു. കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി പിൻവലിക്കാനുള്ള തീരുമാനം ഗവർണറെ അറിയിച്ചു. സമ്മർദത്തെ തുടർന്നായിരുന്നു രാജിയെന്ന് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നല്ലതേ നടക്കൂ, താൻ തിരിച്ചുവരുമെന്നും പനീർശെൽവം പറഞ്ഞു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുമായുള്ള പനീർശെൽവത്തിന്റെ കൂടിക്കാഴ്ച 10 മിനിറ്റ് നീണ്ടുനിന്നു.
ജയലളിതയുടെ മരണത്തിനു ശേഷം പാർട്ടി പിടിച്ചടക്കിയ ശശികല പനീര്‍ശെല്‍വത്തെ മാറ്റി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ നടത്തിയ നീക്കങ്ങളാണ് തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചത്.