വാഷിംഗ്ടണ്‍: അഭയാർഥികൾക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളിൽനിന്നുള്ള പൗരൻമാർക്കും വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. മുസ്ലിം വീസ നിരോധനം തടഞ്ഞ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യാൻ യുഎസ് അപ്പീൽ കോടതി വിസമ്മതിച്ചു. യുഎസിലേക്കുള്ള അഭയാർഥി വിലക്ക് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സർക്കാർ നൽകിയ ഹർജിയാണ് അപ്പീൽ കോടതി തള്ളിയത്.
തീവ്രവാദ ഭീഷണിക്ക് വ്യക്തമായ തെളിവുണ്ടോയെന്നും സർക്കാരിന്റെ അപ്പീൽ പരിഗണിച്ച യുഎസ് ഫെഡറൽ അപ്പീൽ കോടതി ചോദിച്ചു. ട്രംപ് സർക്കാരിന്റെ ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് താത്കാലികമായി തടഞ്ഞുകൊണ്ട് കീഴ്ക്കോടതി ഉത്തരവിട്ടത്.
ഇറാൻ, ഇറാക്ക്, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് യുഎസിൽ 90 ദിവസത്തേക്കാണ് ട്രംപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. സിറിയൻ അഭയാർഥികൾക്ക് അനിശ്ചിതകാല വിലക്കും ഏർപ്പെടുത്തി. ഇതേത്തുടർന്ന് ഒരു ലക്ഷത്തോളം പേർക്ക് ഇതിനകം വീസ നിഷേധിക്കപ്പെട്ടു. ട്രംപിൻറെ ഉത്തരവിനെതിരേ നിരവധി ഹർജികൾ കോടതികളിൽ സമർപ്പിക്കപ്പെട്ടു.

