ക്വട്ടേഷന്‍ സംഘാംഗത്തെ കാറിലത്തെിയ സംഘം വെട്ടിക്കൊന്നു

07:22 am 12/2/2017

images (1)
കായംകുളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ക്വട്ടേഷന്‍ സംഘാംഗത്തെ കാറിലത്തെിയ സംഘം വെട്ടിക്കൊന്നു. കണ്ടല്ലൂര്‍ തെക്ക് കളരിക്കല്‍ ശരവണഭവനത്തില്‍ സുമേഷാണ് (30) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടോടെ കളരിക്കല്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന സുമേഷ് കാറിലത്തെിയ സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. സമീപത്തെ വയലില്‍വെച്ച് കൈയും കാലും സംഘം വെട്ടിമാറ്റുകയായിരുന്നു.

ബഹളം കേട്ട് സമീപവാസികള്‍ ഓടിയത്തെിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് രക്തത്തില്‍ കുളിച്ചുകിടന്ന സുമേഷിനെ കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കാപ്പ അടക്കമുള്ള നിയമങ്ങള്‍ ചുമത്തപ്പെട്ട സുമേഷ് ജയില്‍ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പൂര്‍വവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. ഭാര്യ: ദിവ്യ. മകന്‍: വിനായക്.