പാറ്റൂർ ഭൂമി ഇടപാട് കേസിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കി വിജിലന്‍സ് കേസ്

03:29 pm 18/2/2017

images (9)

തിരുവനന്തപുരം: വിവാദമായ പാറ്റൂർ ഭൂമി ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രതിയാക്കി വിജിലന്‍സ് കേസ്. മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷനും പ്രതിപ്പട്ടികയിലുണ്ട്. ലോകായുക്തയുടെ പരിഗണനയിലുള്ള കേസായതിനാല്‍ വിജിലന്‍സിന് എഫ്‌.ഐ‌.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസമില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് വിജിലന്‍സ് കേസ് എടുത്തത്.

ഉമ്മന്‍‌ചാണ്ടി, ഭരത് ഭൂഷണ്‍, കമ്പനി ഉടമ എന്നിവരെ പ്രതികളാക്കി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. സമാനമായ പരാതി ലോകായുക്തയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. എന്നാൽ കയ്യേറ്റം സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചതോടെ വിജിലൻസ് ഡയറക്ടർ നിയമോപദേശം തേടുകയായിരുന്നു. വിഷയത്തിൽ കേസ് എടുക്കാമെന്ന് നേരത്തെ അഡ്വക്കേറ്റ് ജനറലും വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയിരുന്നു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിര്‍മാണത്തിനായി ചട്ടവിരുദ്ധമായി കൈമാറിയെന്നാണ് ആരോപണം.