തൃശൂർ: യുവനടിയുടെ നേരേ ആക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ പലതും ശരിയല്ലെന്നു നടിയുടെ കുടുംബം. വാസ്തവമില്ലാത്ത പല കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേസിൽ ശക്തമായിത്തന്നെ മുന്നോട്ടുപോകും. കേസ് പിൻവലിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും ആക്രമണത്തിന് ഇരയായ നടിയുടെ കുടുംബാംഗങ്ങൾ തൃശൂരിൽ പ്രതികരിച്ചു.
ചെന്പൂക്കാവിലെ ശിവൻ എന്നൊരാളാണു നേരത്തെ വാഹനം ഓടിച്ചിരുന്നത്. അടുത്തയിടെയാണ് മാറിയത്. ശിവന്റെ അഭാവത്തിലാണു പുതിയ ഡ്രൈവറെ കണ്ടെത്തേണ്ടിവന്നത്. ഒരു പ്രമുഖ നടനു സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച കുടുംബാംഗങ്ങൾ ഒരു നടിക്ക് ഇതിൽ പങ്കുണ്ടോയെന്നു സംശയിക്കുന്നതായും സൂചിപ്പിച്ചു. എന്നാൽ, നടിയുടെ പേരു വെളിപ്പെടുത്താൻ കുടുംബാംഗങ്ങൾ തയാറായില്ല. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അവർ പറഞ്ഞു.
നടിക്കു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിലും ചില ഒാൺലൈൻ മാധ്യമങ്ങളിലും ചില നടൻമാരെയും മറ്റും ലക്ഷ്യമിട്ടുള്ള വാർത്തകൾ പ്രചരിച്ചതിനെതിരേയാണ് നടിയുടെ കുടുംബം രംഗത്തുവന്നത്.

