ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി ഓഫീസിൽ എത്തി ചുമതലയേറ്റു. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ചെറുകിട വ്യവസായികൾക്കുമുള്ള സഹായ പദ്ധതികൾ ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പേരിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
തമിഴ്നാട്ടിലെ 500 മദ്യശാലകൾ പൂട്ടുമെന്നും പളനിസ്വാമി പ്രഖ്യാപിച്ചു. ജോലിക്കാരായ സ്ത്രീകൾക്ക് ഇരുചക്ര വാഹനം വാങ്ങാൻ 50 ശതമാനം സബ്സിഡി നൽകാനും മത്സ്യത്തൊഴിലാളികൾക്ക് 5000 പുതിയ വീടുകൾ നിർമിച്ചു കൊടുക്കാനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്.
ശനിയാഴ്ച നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചാണ് പളനിസ്വാമി അധികാരത്തിൽ എത്തിയത്. 122 എംഎൽഎമാരുടെ പിന്തുണയോടെയാണ് പളനിസ്വാമി അധികാരം നിലനിർത്തിയത്. രഹസ്യ ബാലറ്റ് ആവശ്യം തള്ളിയ സ്പീക്കർ പി. ധനപാലൻ ഡിഎംകെയുടെ എംഎൽഎമാരെ പുറത്താക്കിയതാണ് വിശ്വാസവോട്ട് തേടിയത്.
അതേസമയം, വിശ്വാസവോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും അസാധുവാക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷമായ ഡിഎംകെ ഇന്നു മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

