08:41 am 22/2/2017

ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ദളിത് വോട്ടുകള്‍ തിരിച്ചുപിടിച്ച് അധികാരത്തില്‍ എത്താമെന്ന പ്രതീക്ഷയാണ് ബിഎസ്‌പിയ്‌ക്കുള്ളത്. പക്ഷെ, വോട്ടെടുപ്പ് നടക്കുന്ന ബുന്ദേല്‍കണ്ഡ് മേഖലയിലെ ദളിത് ഗ്രാമങ്ങളുടെ പൂര്‍ണ പിന്തുണ ഇത്തവണ ബിഎസ്‌പിക്ക് കിട്ടാന്‍ സാധ്യതയില്ല.
അലഹാബാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ദരിദ്രമായ നിയാമക്പുര ഗ്രാമം. 200 ലധികം കുടുംബങ്ങളിലായി ആയിരത്തിലധികം പേരുണ്ട് ഈ ഗ്രാമത്തില്‍. വൈദ്യുതിയില്ല. ആശുപത്രിയില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. കുട്ടികളില്‍ ഭൂരിഭാഗവും സ്കൂളില്‍ പോകുന്നില്ല. കുടിവെള്ളത്തിന് ഇതുപോലെ ഒന്നോ രണ്ടോ ജലശ്രോതസ്സുകള്‍ മാത്രം.
ചമാര്‍ വിഭാഗത്തില്‍പ്പെട്ട ദളിത് വിഭാഗങ്ങളാണ് ഈ ഗ്രാമത്തില്‍ അധികവും ഉള്ളത്. മായാവതിയുടെ ഉറച്ച വോട്ടുബാങ്കായിരുന്ന ഈ വിഭാഗം 2014ല്‍ ബിജെപിക്ക് മാറി. ജീവിത സാഹചര്യത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും ഇത്തവണയും വോട്ട് ബിജെപിക്ക് തന്നെയെന്ന് ഇവര്‍ പറയുുന്നു.
നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാന്‍ പോകുന്ന ബുന്ദേല്‍കണ്ഡ് മേഖലയില്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് നിയാമക്പുര. ദളിത് വോട്ടുകളില്‍ 2014ല്‍ ബിജെപി ഉണ്ടാക്കിയ പിളര്‍പ്പ് അതേപോലെ തുടരുന്നു ഈ ഗ്രാമം വ്യക്തമാക്കുന്നു. ഇതൊരു പൊതുസ്ഥിതിയായി കണക്കാക്കിയാല്‍ ബിഎസ്പിക്ക് അധികാരത്തില്‍ തിരിച്ചുവരിക എളുപ്പമാകില്ല.
