08:41 am 28/2/2017
ദില്ലി: രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് സമരം. പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു.
തൊഴില്‍ പുറംകരാര്‍ വത്കരണം അവസാനിപ്പിക്കുക, കിട്ടക്കാടം വരുത്തുന്ന വമ്പമാര്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുക, നോട്ടസാധുവാക്കലിനെ തുടര്‍ന്ന് അധികസമയം ജോലി ചെയ്ത ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ കീഴിലുള്ള ഒമ്പതോളം യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. അതേസമയം ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
പ്രമുഖ ബാങ്കുകളായ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ സമരം ഇടപാടുകളെ ബാധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സ്വകാര്യ ബാങ്കുകളെ സമരം ബാധിക്കില്ല. പുതുതലമുറ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കും. മാസവസാന ദിനത്തിലെ ജീവനക്കാരുടെ പണിമുടക്ക് ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.