കൊട്ടിയൂരില്‍ വൈദികന്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിവരം മറച്ചുവച്ചതിനും വീഴ്ച വരുത്തിയതിനും പ്രതി ചേര്‍ക്കപ്പെട്ട കന്യാസ്‌ത്രീകളടക്കമുള്ള പ്രതികള്‍ക്കായി പൊലീസ് തെരച്ചില് ഔര്‍ജ്ജിതമാക്കി. ഇവര്‍ ഒളിവില്‍ പോയതായി സൂചനയുണ്ട്. ഫാ. റോബിന്‍ വടക്കുംചേരി ഒന്നാം പ്രതിയായ കേസില്‍ അഞ്ച് കന്യാസ്‌ത്രീകടക്കം ഏഴ് പേരാണ് പ്രതികള്‍
ഗൂഡലോചന, വിവരം മറച്ചു വെച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഫാദര്‍ റോബിന്‍ വടക്കുംചേരി ഒന്നാം പ്രതി ആയ കേസില്‍ ഏഴ് പേരെ കൂടി പ്രതിചേര്‍ത്തത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലെ ഡോക്ടര്‍ ടെസ്സി ജോസ്, ശിശുരോഗ വിദഗ്ദന്‍ ഡോക്ടര്‍ ഹൈദരാലി, ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്‍ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, കുഞ്ഞിനെ കടത്താന്‍ സഹായിച്ച തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുരാജ കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മറിയ, ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, കുഞ്ഞിനെ ഒളിപ്പിച്ച വൈത്തിരി ഓര്‍ഫനേജ് സുപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് പ്രതികള്‍. നവജാത ശിശുവിനെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ക്കെതിരെ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. ഇവരുടേത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. സാമൂഹിക ക്ഷേമ വകുപ്പ് നടത്തിയ അന്വേഷണത്തിലും ശിശു ക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭാരവഹികള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥയായ കോഴിക്കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീബാ മുംതാസ് സര്‍ക്കാരിന് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ കേസില്‍ പ്രതികളായ കന്യാസ്‌ത്രീകള്‍ ഒളിവില്‍ പോയതായി സൂചനയുണ്ട്. മറ്റുള്ളവര്‍ ഉടന്‍ കീഴടങ്ങിയേക്കും. കേസില്‍ ഉറച്ചു നില്‍ക്കുമെന്ന് നിലപാടിലാണ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം. വൈദികന്‍ തങ്ങളോട് കുറ്റസമ്മതം നടത്തിയെന്നും കുടുംബം പറയുന്നു.