02:44 pm 5/3/2017
മൊഗാദിഷു: സൊമാലിയയിൽ പട്ടിണിമൂലം ആളുകൾ കൂട്ടത്തോടെ മരിച്ചുവീഴുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ബേ റീജിയണിൽ 110 പേരാണ് പട്ടിണിയും അതിസാരവും മൂലം മരണപ്പെട്ടത്. പ്രധാനമന്ത്രി ഹസൻ അലി ഖയീരിയാണ് ഇക്കാര്യം അറിയിച്ചത്. സൊമാലിയയുടെ തെക്കുപടിഞ്ഞാറൻ ഭാഗമാണ് ബേ റീജിയൺ. കനത്ത വരൾച്ച മൂലം ഈ പ്രദേശം കടുത്ത പ്രതിസന്ധിയിലാണ്.
ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സൊമാലിയക്കാരും രാജ്യത്തെ സഹായിക്കാൻ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സൊമാലിയയിൽ മരിച്ചു വീഴുന്നവരെ രക്ഷപെടുത്താൻ നിങ്ങൾ എവിടെയാണോ അവിടെനിന്ന് സഹായം നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളും പ്രായമായവരുമാണ് പട്ടിണി മൂലം മരണത്തിന് കീഴടങ്ങുന്നത്. രോഗികളെ ചികിത്സിക്കാൻ ആവശ്യമായ സംവിധാനങ്ങളൊന്നും ഈ പ്രദേശത്ത് ലഭ്യമല്ല. കോളറ, അതിസാരം തുടങ്ങിയ രോഗങ്ങൾ വ്യാപിക്കുകയാണ്.
ഏകദേശം 55 ലക്ഷം ജനങ്ങൾക്ക് ജലജന്യരോഗങ്ങൾ പിടിപെട്ടിരിക്കുകയാണ്. കോളറ ബാധിച്ച് ഇതുവരെ 69 പേരാണ് മരിച്ചത്. എഴുപതിലധികം ആളുകൾ ചികിത്സയിലുമാണ്. ശുദ്ധജലത്തിന്റെ അഭാവമാണ് കോളറ പടർന്നുപിടിക്കുന്നതിന് ഇടയാക്കുന്നത്. ആയിരക്കണക്കിന് ആളുകൾ ഗ്രാമങ്ങൾവിട്ട് തലസ്ഥാന നഗരമായ മൊഗാദിഷവിലേക്ക് പലായനം ചെയ്തിരിക്കുകയാണ്.