ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും ഇന്ത്യക്കാർക്കുനേരെ വംശീയ അക്രമം. വാഷിംഗ്ടണിലെ കെന്റിൽ സിക്ക് യുവാവിന് വെടിയേറ്റു. നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകാൻ ആക്രോശിച്ചായിരുന്നു അജ്ഞാതൻ നിറയൊഴിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീടിനു വെളിയിൽവച്ചാണ് സിക്ക് യുവാവിന് വെടിയേറ്റത്. യുവാവിന്റെ വാഹനത്തിനരികിലേക്കുവന്ന അജ്ഞാതൻ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഒടുവിൽ നിറയൊഴിക്കുകയുമായിരുന്നെന്ന് കെന്റ് പോലീസ് പറയുന്നു.
മുഖംമൂടി ധരിച്ച ആറടിയോളം ഉയരമുള്ള വെള്ളക്കാരനായിരുന്നു അക്രമിയെന്ന് പോലീസ് വ്യക്തമാക്കി. യുവാവിന് നിസാരപരിക്കാണ് ഏറ്റത്. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യക്കാരനായ യുവഎൻജിനിയർ ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുചിബോത്ലയും സൗത്ത് കരോളൈനയിലെ ലങ്കാസ്റ്റർ കൗണ്ടിയിൽ വ്യാപാരസ്ഥാപനം നടത്തിയിരുന്ന ഇന്ത്യൻ വംശജൻ ഹർനീഷ് പട്ടേലും കഴിഞ്ഞ ദിവസം വെടിയേറ്റുമരിച്ചതിനു പിന്നാലെയാണ് ഇന്ത്യക്കാരനു നേർക്ക് വീണ്ടും ആക്രമണം ഉണ്ടായത്. –