10:18 am 11/3/2017
തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് പഞ്ചാബിൽ അധികാരമേറ്റു.. അധികാരം തിരിച്ചുപിടിക്കാൻ ആവുന്നതെല്ലാം കോൺഗ്രസ് ചെയ്തിട്ടുമുണ്ട്. ഏറ്റവും ജനസമ്മതിയുള്ള നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ വീണ്ടും കളത്തിലിറക്കി. പ്രശസ്ത ഇലക്ഷൻ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ മേൽനോട്ടത്തിൽ പ്രചാരണം ക്രമീകരിച്ചു. സോഷ്യൽ മീഡിയ അടക്കം പ്രചാരണത്തിന്റെ സർവസാധ്യതകളും പ്രയോജനപ്പെടുത്തി.
കർഷകരേയും യുവജനങ്ങളേയും ആകർഷിക്കുന്നതായിരുന്നു കോൺഗ്രസിന്റെ പ്രചാരണമെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. അഞ്ചുവർഷം കൊണ്ട് എല്ലാ കുടുംബത്തിലേക്കും തൊഴിൽ എത്തിക്കും, പെൺകുട്ടികൾക്കു പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം നൽകും എന്നീ വാഗ്ദാനങ്ങൾ കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. അധികാരത്തിലേറിയാൽ നാലാഴ്ച കൊണ്ട് മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും അവസാനിപ്പിക്കുമെന്നും കോൺഗ്രസ് ഉറപ്പുനൽകുന്നു. കൂടാതെ സൗജന്യ സ്മാർട്ട് ഫോണും ഇന്റർനെറ്റും ലാപ്ടോപ്പും നൽകുമെന്നും വീടില്ലാത്തവർക്ക് സൗജന്യമായി വീട് നൽകുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകുന്നുണ്ട്.
മുൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിംഗ് സിദ്ദുവിനെ കിട്ടിയതും കോൺഗ്രസിന് പ്രതീക്ഷയേകുന്നു. ബിജെപി വിട്ട് സിദ്ദു എത്തിയതോടെ കോൺഗ്രസിൽ വലിയ ആവേശമാണ് ഉണ്ടായിരിക്കുന്നത്.