ഗ്വാട്ടിമാലയിൽ വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പെണ്‍കുട്ടികളുടെ എണ്ണം 37 ആയി.

09:28 am 12/3/2017

download (4)
സാൻഹൊസേ പിനുല: ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പെണ്‍കുട്ടികളുടെ എണ്ണം 37 ആയി. പീഡനത്തിനിരയായ കുട്ടികളെ പാർപ്പിക്കുന്ന സർക്കാർ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച രാത്രി അഗ്നിബാധയുണ്ടായത്. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചുപേർ കൂടി ബുധനാഴ്ച മരിച്ചു.

ഹോസ്റ്റലിൽ ആവശ്യത്തിനു സൗകര്യങ്ങളില്ലാത്തതിനെച്ചൊല്ലി അന്തേവാസികൾ നടത്തിയ പ്രതിഷേധത്തിനിടെ ഹോസ്റ്റലിൽനിന്നു നിരവധി പേർ കടന്നുകളഞ്ഞു. രക്ഷപ്പെട്ടവരിൽ 54 പേരെ അധികൃതർ പിടികൂടി ഹോസ്റ്റലിൽ പ്രത്യേക കേന്ദ്രത്തിലാക്കി. ഇതിൽ കുപിതരായ ചിലർ കിടക്കയ്ക്കു തീവച്ചതാണ് അഗ്നിബാധയ്ക്കു കാരണമെന്നു പറയപ്പെടുന്നു. വാതിലുകൾ പുറത്തുനിന്നു പൂട്ടിയശേഷമാണ് തീവച്ചത്. ഇത് മരണസംഖ്യ വർധിക്കാൻ കാരണമായി.

സംഭവത്തെക്കുറിച്ചു സുതാര്യമായ അന്വേഷണം നടത്തുമെന്ന് അറ്റോർണി ജനറലിന്‍റെ സെക്രട്ടറി മര്യാ വെലിസ് പറഞ്ഞു. നേരത്തെ പ്രസിഡന്‍റ് മൊറാലസ് രാജ്യത്തു മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.