വാഷിംഗ്ടണ്‍: ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മകനെ വീണ്ടും അമേരിക്കയിലെ വാഷിംഗ്ടണിലുള്ള വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. വാഷിംഗ്ടണിലെ റീഗൻ നാഷണൽ വിമാനത്താവളത്തിലാണ് മുഹമ്മദ് അലി ജൂനിയറിനെ അരമണിക്കൂറോളം അധികൃതർ തടഞ്ഞുവച്ചത്. ഫ്ളോറിഡയിലെ ലോഡർഡേലിലേക്ക് പോകാൻ വെള്ളിയാഴ്ച വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മൻസിനി പറഞ്ഞു.
യാത്രാരേഖയായി ഇല്ലിനോയിസ് തിരിച്ചറിയൽ കാർഡ് കാണിച്ചതോടെ ജൂനിയറിനെ തടഞ്ഞുവയ്ക്കുകയും അധികൃതർ ചോദ്യം ചെയ്യുകയായിരുന്നു. ഇതേത്തുടർന്നു അമേരിക്കൻ പാസ്പോർട്ട് കാണിച്ച ശേഷമാണ് അദ്ദേഹത്തെ യാത്രചെയ്യാൻ അധികൃതർ അനുവദിച്ചതെന്ന് മൻസിനി പറഞ്ഞു. മുഹമ്മദ് അലിയുടെ രണ്ടാം ഭാര്യയും അമ്മയുമായ ഖാലിയോ കമാച്ചോ ജൂനിയറിനൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞമാസം, ഫ്ളോറിഡയിലെ ലോഡർഡേൽ-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലും മുഹമ്മദ് അലി ജൂനിയറിനെ അധികൃതർ തടഞ്ഞുവച്ചിരുന്നു. അദ്ദേഹത്തിന്റെ മുസ്ലിം പേരുമായി ബന്ധപ്പെട്ട സംശയമായിരുന്നു തടഞ്ഞുവയ്ക്കലിന് കാരണമായത്.

