07:12 pm 13/3/2017
ബംഗളുരു: വടക്കുകിഴക്കൻ സംസ്ഥാനക്കാരനായ വിദ്യാർഥിക്കു നേർക്ക് ബംഗളുരുവിൽ വംശീയാതിക്രമം. അരുണാചൽ പ്രദേശിൽനിന്നുള്ള ഹിജിഗോ ഗുങ്ടേ എന്ന യുവാവാണ് വീട്ടുടമയുടെ ആക്രമണത്തിനിരയായത്. മർദിച്ചവശനാക്കിയ ഹിജിഗോയെ വീട്ടുടമ ഷൂ നക്കിത്തുടയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു.
ഈ മാസം ആറിനായിരുന്നു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ഹിജിഗോ വീട്ടുടമയായ ഹേമന്ത് കുമാറുമായി വെള്ളം ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കുമുണ്ടായി. വൈകിട്ടു മദ്യപിച്ചു മുറിയിൽ കയറിയ ഹേമന്ത് മുറി കുറ്റിയിട്ടശേഷം അകാരണമായി തന്നെ മർദിക്കുകയായിരുന്നെന്ന് ഹിജിഗോ ആരോപിക്കുന്നു. എന്നാൽ ഹിജിഗോയുടെ ആരോപണം നിഷേധിച്ച ഹേമന്ത് കുമാർ, ഇയാൾ കൂടുതൽ വെള്ളം ഉപയോഗിക്കുന്നതിനെ തുടർന്ന് വെള്ളക്ഷാമം നേരിട്ടതു ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെട്ടു.
ഹിജിഗോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഹേമന്തിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേന്ദ്രനമന്ത്രി കിരണ്‍ റിജിജുവും ദുഃഖം രേഖപ്പെടുത്തി.