തൃശൂർ: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജിൽ ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറക്ക് മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ്തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവാണ് രക്തക്കറയിലുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഫോറന്‍സിക് പരിശോധന നടത്തിയത്. രക്തക്കറ ജിഷ്ണുവിന്റേതാണോയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധന നടത്തും. മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡി.എന്‍.എ പരിശോധനയും നടത്തും. ഇതിനായി അന്വേഷണ സംഘം ഇന്ന് നാദാപുരത്ത് എത്തും. നാദാപുരം താലൂക്ക് ആശുപത്രിയില്‍ വെച്ചായിരിക്കും ഡി.എൻ.എ പരിശോധന നടത്തുക.