സമീക്ഷ സാഹിത്യ അവാര്‍ഡ്: മണര്‍കാട് ശശികുമാര്‍, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു അര്‍ഹരായി

07:49 am 15/3/2017

Newsimg1_11681484
കൊച്ചി: രണ്ടാമത് മലയാള സമീക്ഷ ഓണ്‍ലൈന്‍ സാഹിത്യ അവാര്‍ഡുകള്‍ക്ക് മണര്‍കാട് ശശികുമാര്‍ (കവിതഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍ ), മാത്യു നെല്ലിക്കുന്ന് (കഥ മാത്യു നെല്ലിക്കുന്നിന്റെ കഥകള്‍), ജോണ്‍ മാത്യു ( നോവല്‍ ഭൂമിക്ക് മേലൊരു മുദ്ര) എന്നിവര്‍ അര്‍ഹരായി.

മാര്‍ച്ച് പത്തൊന്‍പതിനു ഉച്ചകഴിഞ്ഞു മൂന്ന് മുപ്പതിന് ഉദയംപേരുര്‍ നടക്കാവ് ജെ ബി സ്കൂളില്‍ ചേരുന്ന ചടങ്ങില്‍ എം കെ ഹരികുമാര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ഡോ സി എം കുസുമന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ മാര്‍ട്ടിന്‍ പാലാക്കാപ്പിള്ളില്‍ അദ്ധ്യക്ഷത വഹിക്കും. വെണ്ണല മോഹന്‍ അവാര്‍ഡ് ലഭിച്ച കൃതികളെ പരിചയപ്പെടുത്തും . ജോണ്‍ ജേക്കബ് , ശ്രീകൃഷ്ണദാസ് മാത്തുര്‍ , രാധാമീര എന്നിവര്‍ പ്രസംഗിക്കും.

ഈ വര്‍ഷത്തെ ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ് കെ പി എം നവാസിന് ചടങ്ങില്‍ സമ്മാനിക്കും .

മലയാളസാഹിത്യത്തില്‍ വലിയ സംഭാവന ചെയ്ത രണ്ട് പ്രവാസി എഴുത്തുകാരാണ് ജോണ്‍ മാത്യുവും മാത്യു നെല്ലിക്കുന്നും. ജോണ്‍ മാത്യു ദാര്‍ശനികമായ മുഴക്കത്തോടെ സജീവമായ ഇടപെടലുകള്‍ നടത്തി. ഇരുനൂറിലേറെ കഥകള്‍ അദ്ദേഹം എഴുതി.മലയാളിയുടെ ആഗോള കുടിയേറ്റത്തിന്റെ വേദനയും സന്തോഷവും ആഴത്തില്‍ അടുത്തറിഞ്ഞ എഴുത്തുകാരനാണ് ജോണ്‍ മാത്യു. സമര്‍പ്പണത്തിന്റെയും ആത്മാന്വേഷണത്തിന്റെയും മുദ്രകള്‍ ഈ കൃതിയില്‍ കാണാം. മലയാള നോവല്‍ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു കൃതിയാണ്’ഭൂമിക്ക് മേലൊരു മുദ്ര’.

ജോണ്‍ മാത്യു പൊതു രംഗത്തും ശ്രദ്ധേയനാണ്. ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ‘ദല്‍ഹി ലിറ്റററി വര്‍ക്ക്‌ഷോപ്പ് എന്ന സംഘടനയാണ് ഒ വി വിജയന്‍റെ ഖസാക്കിന്റെ ഇതിഹാസത്തിനു ആദ്യമായി ഒരു പാരിതോഷികം നല്‍കിയത്. അമേരിക്കയിലെ റൈറ്റേഴ്‌സ് ഫോറം , ലിറ്റററി അസോസിയഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക എന്നി സംഘടനകള്‍ പടുത്തുയര്‍ത്തുന്നതില്‍ മല്ലപ്പള്ളി സ്വദേശിയായ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു.

മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ മാത്യു നെല്ലിക്കുന്ന് പ്രവാസി സാഹിത്യകാരന്മാര്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. നോവല്‍ ചെറുകഥ, ലേഖനം, യാത്ര തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതിലേറെ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

നെല്ലിക്കുന്നിന്റെ കഥകള്‍ രൂപപരമായി മികവ് പുലര്‍ത്തുന്നു. ചെറുകഥയുടെ മര്‍മ്മം മനസ്സിലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. ദീര്‍ഘമായ ആഖ്യാനം അദ്ദേഹം പലപ്പോഴും ഉപേക്ഷിക്കുന്നു . തനിക്ക് പറയാനുള്ളത് വളരെ ഒതുക്കി മൂര്‍ച്ചയോടെ ആവിഷ്കരിക്കുന്നതില്‍ നെല്ലിക്കുന്ന് തന്റേതായ ശൈലി പിന്തുടരുന്നു.എഴുപത്തിനാലില്‍ മിഷിഗനിലെത്തിയ നെല്ലിക്കുന്ന് നിരന്തരമായ സാഹിത്യ സപര്യയിലൂടെയാണ് തന്റെ സാഹിത്യ ലോകം നിര്‍മ്മിച്ചെടുത്തത്. ഭാഷാകേരളം എന്ന മാഗസിന്‍ നടത്തിയതിനു പുറമെ മലയാളത്തിലെയും അമേരിക്കയിലെയും എഴുത്തുകാരെ പങ്കെടുപ്പിച്ച് നിരവധി സാഹിത്യ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.ഒരു പ്രവാസി സാഹിത്യകാരന്‍ എന്ന നിലയില്‍ തന്റെ ദൗത്യം എന്താണെന്ന് നെല്ലിക്കിന്നിനറിയാം.

മണര്‍കാട് ശശികുമാര്‍ ചിന്തയുടെ ആത്മാവുകൊണ്ട് ഈ കാലഘട്ടത്തെ ആലേഖനം ചെയ്ത കവിയാണ്. കോട്ടയത്തിനടുത്ത് മണര്‍കാട് സ്വദേശിയായ ശശികുമാര്‍ ഇപ്പോള്‍ വൈക്കത്ത് താമസിക്കുന്നു.