ട്രംപിന്‍റെ പുതിയ യാ​ത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്​.

12:25 pm 16/3/2017

download (5)

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്‍റെ പുതിയ യാ​ത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്​. ആറ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക്​ വിസാ നിരോധനം ഏർ​പ്പെടുത്താനുള്ള ട്രംപി​െൻറ പുതിയ വിസാനിയമമാണ്​ നടപ്പിലാക്കുന്നതിന്​ തൊട്ടുമുമ്പ്​ ഹവായ്​ ഫെഡറൽ ജഡ്​ജ്​ മരവിപ്പിച്ചത്​. വ്യാഴാഴ്​ച അർധരാത്രി മുതൽ നടപ്പിൽ വരുത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ്​ നിയമം മരവിപ്പിച്ച്​ ഫെഡറൽ കോടതി ഉത്തരവിറക്കിയത്.

ദേശീയ സുരക്ഷക്ക്​ വേണ്ടിയാണ്​ യാത്രാ വിലക്ക്​ ഏർപ്പെടുത്തുന്നത്​ എന്ന സർക്കാർ വാദത്തെ ചോദ്യം ചെയ്​താണ്​ ഹവായ്​ ഫെഡറൽ ജഡ്​ജ്​ ഡെറിക്​ വാറ്റ്​സൺ നിയമം മരവിപ്പിച്ചത്​. ജഡ്​ജിയുടെ തീരുമാനം ജുഡീഷ്യൽ അധികാരപരിധിയുടെ ലംഘനമാണെന്ന്​​ ട്രംപ്​ പ്രതികരിച്ചു.

ആറ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെ​ 90 ദിവസത്തേക്കും അഭയാർഥികളെ 120 ദിവസത്തേക്കും വിലക്കുന്ന നിയമമാണ്​ ട്രംപ്​ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്​.ഭീകരർ യു.എസിലേക്ക്​ കടക്കുന്നത്​ തടയാനാണ്​ യാ​ത്രാവിലക്ക്​ എന്നായിരുന്നു ട്രംപി​െൻറ വാദം. എന്നാൽ നിയമം വിവേചനപരമാണെന്ന് വിമർശനം ഉയർന്നിരുന്നു.

ഇതു സംബന്ധിച്ച്​ നേരത്തെ ട്രംപ്​ ഇറക്കിയിരുന്ന ഉത്തരവ്​ സീറ്റിൽ ജഡ്​ജ്​ സ്​റ്റേ ചെയ്​തിരുന്നു. തുടർന്നാണ്​ പുതിയ നിയമം ഏർപ്പെടുത്താൻ ട്രംപ്​ നിർബന്ധിതനായത്​. ജനങ്ങൾക്കിടയിൽ വിവേചനം പാടില്ലെന്ന യു.എസ്​ ഭരണഘടനക്ക്​ വിരുദ്ധമാണ്​ നിയമമെന്ന്​ അഭിഭാഷകർ പറയുന്നു. വിദ്യാർഥികളെയും ജോലിക്കാരെയും വിനോദ സഞ്ചാരികളെയും പ്രതികൂലമായി ബാധിക്കുന്നതായിരുന്നു ട്രംപിന്‍റെ നിയമം.