10:4lam 18/3/2017

ലക്നോ: ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ആക്രമിച്ചേക്കുമെന്ന ഭീഷണിയെത്തുടർന്നു ചരിത്രസ്മാരകത്തിനു സുരക്ഷ വർധിപ്പിച്ചു. ഭീകരർ ആക്രമണം നടത്താൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലൊന്നാണു താജ്മഹൽ എന്ന തരത്തിൽ ഐഎസ് ആഭിമുഖ്യമുള്ള വെബ്സൈറ്റിലാണു പ്രചാരണമുണ്ടായത്. താജ്മഹലിന്റെ രേഖാചിത്രവും ആയുധമേന്തിയ ഐഎസ് ഭീകരരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയായിരുന്നു സന്ദേശം. ഈ സാഹചര്യത്തിലാണു വിശദമായി അന്വേഷിക്കുന്നതെന്നു ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി ദൽദീത് സിംഗ് ചൗധരി പറഞ്ഞു.
ഒരാഴ്ച മുന്‍പാണ് ഇത്തരത്തിലുള്ള പ്രചാരണം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉജ്ജയിൻ ട്രെയിൻ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച സെയ്ഫുള്ള എന്ന ഭീകരൻ ലക്നോയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റുമരിച്ചിരുന്നു.
സെയ്ഫുള്ളയുമായി ബന്ധമുള്ളവരെ കണ്ടെത്താൻ നടത്തിയ അന്വേഷണത്തിനിടെയാണു ഭീകരർ താജ്മഹൽ ലക്ഷ്യമിടുന്നതായുള്ള പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കറുത്ത മുഖംമൂടി അണിഞ്ഞ ആയുധധാരിയായ ഒരാൾ താജ്മഹലിനു നേരേ തിരിഞ്ഞുനിൽക്കുന്നതും താജ്മഹലിനു താഴെ ന്യൂ ടാർജെറ്റ് എന്ന് എഴുതിയിരിക്കുന്നതുമുൾപ്പെടെയുള്ള ചിത്രങ്ങൾ സൈറ്റിലുണ്ട്.
കഴിഞ്ഞ 14നാണു ചിത്രം വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.താജ്മഹലിനു നേരേ സമീപനാളുകളിൽ പലതവണ ഒറ്റപ്പെട്ട സുരക്ഷാ ലംഘനം നടന്നിരുന്നു. കഴിഞ്ഞമാസം തമിഴ്നാട് സ്വദേശിയായ യുവാവ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചതാണ് ഇതിലൊന്ന്. 31 കാരനായ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
