യേശുവിന്റെ കബറിടം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു

07:41 am 23/3/2017
Newsimg1_91612782
ജറുസലം: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം യേശുക്രിസ്തുവിന്റെ കബറിടം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ഇസ്രയേല്‍ അധിനിവേശ കിഴക്കന്‍ ജറുസലമില്‍ സ്ഥിതിചെയ്യുന്ന കബറിടപ്പള്ളിയിലെ പ്രധാനഭാഗമാണു യേശുവിനെ അടക്കം ചെയ്തതെന്നു കരുതുന്ന കല്ലറ.

നവീകരണത്തിനുശേഷം ഇവിടെ ബുധനാഴ്ച നടന്ന ചടങ്ങില്‍ ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് അടക്കം പ്രമുഖര്‍ പങ്കെടുത്തു. വിദഗ്ധ സംഘം ഒന്‍പതു മാസമെടുത്താണു കബറിടത്തിനു മുകളില്‍ 1810ല്‍ നിര്‍മിച്ച ‘എഡിക്യൂള്‍’എന്നറിയപ്പെടുന്ന ചെറുനിര്‍മിതി പുനരുദ്ധരിച്ചത്.

കാലപ്പഴക്കത്താല്‍ തകര്‍ച്ചാ ഭീഷണി നേരിട്ട സാഹചര്യത്തിലായിരുന്നു ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള 50 വിദഗ്ധരുടെ നേതൃത്വത്തില്‍ എഡിക്യൂളിന്റെ സൂക്ഷ്മമായ പുനരുദ്ധാരണ ജോലികള്‍ ആരംഭിച്ചത്. ഇതിനു 33 ലക്ഷം ഡോളര്‍ (21.45 കോടി രൂപ) ചെലവുവന്നു.

പുനരുദ്ധാരണത്തിന്റെ ഭാഗമായി കല്ലറയുടെ മുകളിലെ മാര്‍ബിള്‍ സ്ലാബ് രണ്ടു നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി തുറന്നതു കഴിഞ്ഞ ഒക്ടോബറിലായിരുന്നു. ക്രിസ്തുവിന്റെ ശരീരം കിടത്തിയെന്നു കരുതുന്ന കരിങ്കല്‍ത്തട്ടു പരിശോധിക്കാനായിരുന്നു ഇത്.

വിശ്വാസികള്‍ക്കു കല്ലറ ദര്‍ശിക്കാനായി സ്ലാബില്‍ ഒരു ചെറുജാലകമുണ്ടാക്കിയിട്ടുണ്ട്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍, റോമന്‍ കാത്തലിക് സഭകള്‍ക്കാണു കബറിടത്തിന്റെ സംരക്ഷണച്ചുമതല.