പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

07:23 pm 23/3/2017

download (5)

എറണാകുളം: ലക്കിടി കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്‍റെ അറസ്റ്റ് നിയമപരമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി വേണമെന്ന ഉത്തരവോടു കൂടിയാണ് കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍റെ നടപടികളെല്ലാം ചട്ടവിരുദ്ധമാണ്. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷമാണ് ജാമ്യമില്ലാവകുപ്പ് ചുമത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ ബോധപൂർവം പ്രതികൾക്കെതിരേ പ്രവർത്തിക്കുകയായിരുന്നു. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലും കേസ് ഡയറിയിൽ ഉൾപ്പെടുത്തിയില്ല. പ്രതിക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അടിയന്തരമായി കൃഷ്ണദാസിനെ മോചിപ്പിക്കണണെന്നും കോടതി ഉത്തരവിട്ടു.

പ്രതിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥൻ ബോധപൂർവം വൈകിച്ചു. പരാതിക്കാരനായ ഷഹീർ ഷൗക്കത്തലിയുടെ മൊഴികളിലെ വൈരുധ്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഒരന്വേഷണവും നടത്തിയിട്ടില്ല. ചിലരെ കേസിൽ ബോധപൂർവം പ്രതി ചേർക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കേസെടുത്ത എ.എസ്.ഐക്ക് സസ്പെന്‍ഷന്‍
ലക്കിടി ലോ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കമുള്ളവരെ രക്ഷപെടാന്‍ അനുവദിച്ചതിന് പഴയന്നൂര്‍ എ.എസ്.ഐയെ സസ്പെന്റ് ചെയ്തു . കേസെടുത്ത ശേഷം എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണത്തിന് ചാലക്കുടി ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി. വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാമായിരുന്നിട്ടും ദുര്‍ബലമായ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആര്‍ തയ്യാറാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൃഷ്ണദാസിനെ സഹായിക്കുന്ന തരത്തിൽ തയ്യാറാക്കിയതാണ് പിന്നീട് ഇയാള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നതിനും കാരണമായതെന്ന് കണ്ടെത്തിയിരുന്നു.