ടി.പി വധക്കേസിലെ പ്രതികളുടെ ശിക്ഷയിൽ സംശയങ്ങൾ

07:50 pm 24/3/2017

download (3)

തൃശൂര്‍: ടി.പി കേസിലെ പ്രതികളുടെ പരോൾ ആവശ്യംപോലും അനുവദിക്കാതിരുന്ന ഉപദേശക സമിതി യോഗത്തിനുശേഷം ശിക്ഷയിളവിന് ശിപാർശ ചെയ്തത് വിവാദമാകുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒന്നര വർഷത്തിനുശേഷം പുനഃസംഘടിപ്പിച്ച ജയിൽ ഉപദേശക സമിതി യോഗത്തിൽ ടി.പി കേസിലെ പ്രതികളുടെ പരോളും അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. കൊടി സുനി, കിര്‍മാണി മനോജ്, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി എന്നിവരാണ് വിയ്യൂർ ജയിലിലുള്ള ടി.പി കേസിലെ പ്രതികൾ.

പ്രതികൾ പുറത്തിറങ്ങിയാലുള്ള സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയും കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കേണ്ട എന്ന നിലപാടില്‍ ഉറച്ചുമാണ് പരോള്‍ നിഷേധിച്ചത്. പരോള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ച അതേ ജയിലധികൃതരാണ് ഇവര്‍ക്ക് ശിക്ഷയിളവ് നല്‍കണമെന്ന് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ജയില്‍ ഡി.ജി.പിയും ജില്ല ജഡ്ജിയുമുള്‍പ്പെടെയുള്ളവരും ജനപ്രതിനിധികളായ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൽ ഖാദർ, എക്സ് ഒഫീേഷ്യാ അംഗങ്ങളായ സി.പി.എം തൃശൂര്‍ ഏരിയ സെക്രട്ടറി പി.കെ. ഷാജന്‍, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി. പ്രദീപ്കുമാര്‍ എന്നിവരും ജയിൽ സൂപ്രണ്ട്, തൃശൂർ റൂറല്‍ എസ്.പി ആര്‍. നിശാന്തിനി എന്നിവരടക്കമുള്ളവരുമാണ് ഉപദേശക സമിതി യോഗത്തിൽ പങ്കെടുത്തത്. ടി.പി കേസിലെ പ്രതികളും രാഷ്ട്രീയ തടവുകാരുമടക്കം എൺപതോളം പേർക്ക് പരോൾ അനുവദിക്കുന്നതിനുള്ള അപേക്ഷകളായിരുന്നു ഉപദേശകസമിതിയുടെ മുന്നിലെത്തിയത്. പരോൾ അനുവദിക്കാൻ നീക്കമെന്ന് മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെ കൊലപാതകികള്‍ക്ക് പരോള്‍ നല്‍കേണ്ട എന്ന കാര്യത്തില്‍ അബ്ദുൽ ഖാദർ ഉൾപ്പെടെയുള്ള ഉപദേശകസമിതി തീരുമാനിച്ചു. യോഗം കഴിഞ്ഞിറങ്ങിയ അബ്ദുൽ ഖാദർ ഇത് മാധ്യമങ്ങളോടും തുറന്നുപറഞ്ഞു.

ജയിലിനുള്ളിലെ നല്ല നടപ്പുകാരെയാണ് പൊതുവേ പരോളിന് ശിപാര്‍ശ ചെയ്യാറുള്ളത്. എന്നാല്‍, കൊടി സുനി അടക്കമുള്ളവര്‍ക്കെതിെര ജയില്‍ അധികൃതര്‍ക്കിടയില്‍ത്തന്നെ പരാതികളുണ്ടായിരുന്നതിനാല്‍ അതും പരോള്‍ നല്‍കുന്നതിന് തടസ്സമായിരുന്നു.