08:00 am 25/3/2017
തിരുവനന്തപുരം: അക്രമത്തിലൂടെ കേരളത്തിൽ സ്വാധീനം വർധിപ്പിക്കാമെന്ന് ആർഎസ്എസ് കരുതേണ്ടെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുപക്ഷ സർക്കാരിനെ എങ്ങനെ അസ്ഥിരപ്പെടുത്താമെന്നു നോക്കുകയാണ് ആർഎസ്എസും ബിജെപിയും. സംസ്ഥാനത്തു വ്യാപകമായി സിപിഎം പ്രവർത്തകർ ആക്രമിക്കപ്പെടുകയാണ്. ആർഎസ്എസാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്തശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പുഫലംകൂടി അനുകൂലമായതോടെ രാജ്യത്ത് എന്തും നടത്താമെന്ന അഹങ്കാരമാണ് ആർഎസ്എസിന്. ആർഎസ്എസ് പ്രചാരകനായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ രാമക്ഷേത്ര നിർമാണമെന്ന അജൻഡയുമായി ബിജെപി മുന്നോട്ടു പോകുകയാണ്. ഈ അവസ്ഥ രാജ്യത്തിന് ആപത്താണെന്നും ബിജെപിയ്ക്കെതിരേ ശക്തമായ പ്രതിപക്ഷമായി ഉയരാൻ ഇടതുപക്ഷ പാർട്ടികൾക്കു കഴിയാത്തതു വീഴ്ചതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിനു തെറ്റുപറ്റിയാൽ തിരുത്താൻ മടികാണിക്കില്ലെന്നും സർക്കാരിനു വീഴ്ച സംഭവിച്ചാൽ അതു പാർട്ടി പരിശോധിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി.ജയരാജനെതിരേ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. ഈ വിവരം താൻ നേരത്തേ തിരുവനന്തപുരത്തു വച്ചുതന്നെ മാധ്യമങ്ങളോടു പറഞ്ഞതാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.