കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ ബോട്ട് മാർഗം കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്നു പിതാവ് ഷാജി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിലാണ് ഷാജി ഇത്തരത്തിലൊരു സംശയമുന്നയിച്ചത്.
മിഷേലിനെ കാണാതായ ദിവസം കൊച്ചിക്കായലിൽ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പൽ എത്തിയിരുന്നു. ഇത്തരം കപ്പലിലേക്കു പെണ്‍കുട്ടികളെ ബോട്ടിൽ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന സംശയമാണു ഷാജി വർഗീസിന്റെ പുതിയ മൊഴിയിലുള്ളത്. പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിർക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയിരിക്കാമെന്നുമാണ് പിതാവിന്റെ സംശയം. അതിനുശേഷം കായലിൽ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയമാണു ഷാജിക്ക്. ചിലപ്പോൾ ബോധം കെടുത്തിയ ശേഷം മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചതുമാകാം. ഹൈക്കോടതി ജംഗ്ഷനിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിലെ പെണ്‍കുട്ടി മിഷേൽ ആണെന്നു കരുതുന്നില്ലെന്നും ഷാജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
മിഷേലിന്റെ പിതാവ് ഇത്തരത്തിലൊരു സംശയമുന്നയിച്ച സാഹചര്യത്തിൽ സ്വകാര്യ സർവീസ് നടത്തുന്ന ബോട്ടുടമകളെയും ബോട്ടുകളിലെ ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സിഐഎസ്എഫ് സുരക്ഷയൊരുക്കുന്ന വാർഫിൽ ഇത്തരമൊരു കൃത്യം നടത്തിയ ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിക്കാനുള്ള സാധ്യത വിരളമാണെങ്കിലും ദുരൂഹത നീക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൽപിടിത്തം നടന്നതിന്റെയോ, പരുക്കേറ്റതിന്റെയോ തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലില്ലെന്നതും മിഷേലിനെ തട്ടിക്കൊണ്ടുപോയി എന്ന വാദത്തെ തള്ളിക്കളയുന്നതാണ്.
കലൂർ പള്ളിയിലെ സിസിടിവിയിലെ ദൃശ്യത്തിലുള്ളതു മിഷേൽ തന്നെയാണെങ്കിലും ഹൈക്കോടതി ജംഗ്ഷനിൽനിന്ന് അന്വേഷണ സംഘത്തിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് മിഷേൽ ആണെന്നു കരുതുന്നില്ലെന്നു ഷാജി പറഞ്ഞു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോളിംഗ് വാഹനത്തിന്റെ ക്യാമറയിൽനിന്ന് ലഭിച്ചതാണ് ഈ ദൃശ്യം. മിഷേൽ വല്ലാർപാടം പള്ളിയിൽ പോകാനുള്ള സാധ്യത മുൻനിർത്തി അവിടുത്തെ ക്യാമറകൾ പരിശോധിച്ചെങ്കിലും തെളിവൊന്നും ക്രൈംബ്രാഞ്ചിനു ലഭിച്ചില്ല.