ജയരാജനു ലഭിച്ച ജാമ്യം ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചനക്ക് ഏറ്റ തിരിച്ചടി കോടിയേരി

23-03-2016
paravur
കണ്ണൂര്‍: പി.ജയരാജനു ലഭിച്ച ജാമ്യം ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചനക്ക് ഏറ്റ തിരിച്ചടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജനു ജാമ്യം ലഭിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വി.എം.സുധീരന്‍ കരുതിവച്ചിരുന്ന ബോംബ് നനഞ്ഞ പടക്കമായി. മോഹന്‍ ഭാഗവത് ഇടപെട്ട് സി.ബി.ഐയെ സ്വാധീനിച്ചാണ് ജയരാജനെ കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ജയരാജനെതിരേ ഒരു തെളിവും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെ കെട്ടിച്ചമച്ച കേസാണിത്. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ജയരാജനെ മാറ്റാനായിരുന്നു ആര്‍എസ്എസിന്റെ ശ്രമം. ജയരാജന്റെ ജാമ്യം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.