90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തി

05:30 pm 30/3/2017

images (5)

മാവേലിക്കര: കണ്ടിയൂരില്‍ 90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട വൃദ്ധ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിശോധനയിൽ മൃഗീയമായ പീഡനമാണ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. മുഖത്തും മാറിടത്തിലും ജനനേന്ദ്രിയ ഭാഗത്തും മുറിവേറ്റ വൃദ്ധ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയായെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവമറിഞ്ഞ് വൻ ജനക്കൂട്ടം മാവേലിക്കര താലൂക്ക് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു.

ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പീഡനത്തിനിരയായ വൃദ്ധയും മകളും മാത്രമാണ് ഇവരുടെ വീട്ടില്‍ താമസിക്കുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവം കാണാനായി മകള്‍ ബുധനാഴ്ച രാത്രി പോയതിനാല്‍ വൃദ്ധ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ 6.30 ഓടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് നാട്ടുകാര്‍ പോലീസില്‍ ഏല്പിച്ചു. തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ ഉടമയെയും മറ്റൊരു യുവാവിനേയും കസ്റ്റഡിയിലെടുത്തത്. കുരുവിക്കാട് സ്വദേശികളായ യുവാക്കളാണ് കസ്റ്റഡിയിലുള്ളത്. വീടിന്‍റെ ഓടിളക്കിയാണു ഇവര്‍ അകത്തു കടന്നത്. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തു വരികയാണെന്നും ഇതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയൂ എന്നും സിഐ പി.ശ്രീകുമാര്‍, എസ്ഐ എസ്. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.