09:56 am 31/3/2017

ഇസ്ലാമാബാദ്: ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ അനാവശ്യമായി ഇടപെടുന്നെന്ന ആരോപണവുമായി പാക്കിസ്ഥാൻ. വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. പാക്കിസ്ഥാൻ മണ്ണിലെ ഭീകരപ്രവർത്തനങ്ങൾക്കു പിന്തുണയും ധനസഹായവും നൽകുന്നത് ഇന്ത്യയാണെന്നും പാക്കിസ്ഥാൻ ആരോപിച്ചു.
ഇന്ത്യ പാക്കിസ്ഥാനിൽ നടത്തുന്ന ഇടപെടലുകളെകുറിച്ച് ലോകം ബോധവാൻമാരാണ്. പാക്കിസ്ഥാന്‍റെ മണ്ണിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ഇന്ത്യ സഹായം നൽകുന്നു- സക്കറിയ മാധ്യമങ്ങളോടു പറഞ്ഞു. മുംബൈയിലെ ജിന്ന ഹൗസിന്‍റെ സുരക്ഷയെ സംബന്ധിച്ചും പാക്കിസ്ഥാൻ ആശങ്ക അറിയിച്ചു. ജിന്ന ഹൗസിന്‍റെ പ്രധാന്യം ഇന്ത്യ തിരിച്ചറിയണമെന്നും ഇതിനോട് ആദരവ് കാണിക്കണമെന്നും സക്കറിയ പറഞ്ഞു.
കാഷ്മീരിൽ ഇന്ത്യൻ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സമൂഹവും ശ്രദ്ധിക്കണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു.
